മാണിസാറിന്‍റെ പ്രസംഗ കുറിപ്പുകൾ ഞാൻ കരസ്ഥമാക്കുമായിരുന്നു: തോമസ് ഐസക്

Published : Apr 09, 2019, 10:46 PM ISTUpdated : Apr 09, 2019, 11:22 PM IST
മാണിസാറിന്‍റെ പ്രസംഗ കുറിപ്പുകൾ ഞാൻ കരസ്ഥമാക്കുമായിരുന്നു: തോമസ് ഐസക്

Synopsis

താൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ ചർച്ചയിൽ സംസാരിക്കാൻ സ്വന്തം കൈപ്പടയിൽ എഴുതിയ വിശദമായ കുറിപ്പുകളുമായാകും കെ എം മാണി എത്തുക. വിമർശനങ്ങളെ കൃത്യമായി ഖണ്ഡിക്കാൻ കെ എം മാണിയുടെ പ്രസംഗത്തിന് ശേഷം ആ കുറിപ്പുകൾ താൻ കരസ്ഥമാക്കുമായിരുന്നുവെന്ന് തോമസ് ഐസക്.

തിരുവനന്തപുരം:ധനകാര്യ മാനേജ്മെന്‍റിന്‍റെ പ്രായോഗിക പരിജ്ഞാനത്തിൽ മറികടക്കാൻ കേരളത്തിൽ കെ എം മാണിയെപ്പോലെ മറ്റൊരാളുണ്ടായില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കെ എം മാണിയെ അനുസ്മരിച്ച് ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. കെ എം മാണിയുടെ ബജറ്റുകളുടെ മുഖ്യ വിമർശകൻ പലപ്പോഴും താനായിരുന്നു. താൻ അവതരിപ്പിച്ച മിക്ക ബജറ്റുകളുടേയും പ്രധാന വിമർശകൻ കെ എം മാണിയായിരുന്നു. പക്ഷേ താനും കെ എം മാണിയും തമ്മിൽ ഒരു ഘട്ടത്തിലും പരസ്പരം കാലുഷ്യം നിറഞ്ഞ ബന്ധം ആയിരുന്നില്ലെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.

തന്‍റെ ബജറ്റ് അവതരണങ്ങൾക്ക് ശേഷമുള്ള ചർച്ചയിൽ സംസാരിക്കാൻ വലിയ തയ്യാറെടുപ്പുകളോടെയാണ് കെ എം മാണി വന്നിരുന്നതെന്ന് തോമസ് ഐസക് ഓർമ്മിച്ചു. സ്വന്തം കൈപ്പടയിൽ എഴുതിയ വിശദമായ കുറിപ്പുകളുമായി ആകും അദ്ദേഹം എത്തുക. കെ എം മാണിയുടെ പ്രസംഗത്തിന് ശേഷം താൻ ചെന്ന് ആ കുറിപ്പുകൾ കരസ്ഥമാക്കുമായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. വിമർശനങ്ങൾക്ക് മറുപടി പറയുമ്പോൾ കൃത്യമായി വാദങ്ങളെ ഖണ്ഡിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണ് താൻ ആ കുറിപ്പുകൾ കരസ്ഥമാക്കുക. എന്നാൽ മാണിസാറിന് അതിനോട് ഒരു വൈമനസ്യവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിച്ചു. ചിലപ്പോൾ കുറിപ്പുകൾ ഫോട്ടോ കോപ്പി എടുത്ത് തിരിച്ചു തരണം എന്ന്  പറയും.

തന്‍റെ കഴിഞ്ഞ കഴിഞ്ഞ ബജറ്റിന് ശേഷം പോലും കെ എം മാണിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനരികിൽ ചെന്ന് പ്രസംഗത്തിന്‍റെ പകർപ്പ് താൻ കരസ്ഥമാക്കിയിരുന്നുവെന്നും തോമസ് ഐസക് ഓ‍ർമ്മിച്ചു. അത്രയ്ക്ക് സ്പോർട്സ്മാൻ സ്പിരിറ്റോടുകൂടിയ ആരോഗ്യകരമായ ബന്ധമാണ് ധനകാര്യ ചർച്ചകളിൽ താനും കെ എം മാണിയും തമ്മിലുണ്ടായിരുന്നത്. വ്യക്തിപരമായ അടുപ്പം എക്കാലവും താനും കെ എം മാണിയുടെ കാത്തുസൂക്ഷിച്ചിരുന്നുവെന്നും ഡോ തോമസ് ഐസക് പറഞ്ഞു.

കെ എം മാണിയുടെ സവിശേഷതകളായി രണ്ട് കാര്യങ്ങളാണ് തനിക്ക് എടുത്തുപറയാനുള്ളതെന്ന് തോമസ് ഐസക് പറഞ്ഞു. ഒന്ന് കൃഷിക്കാരോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയാണ്. എന്ത് പ്രശ്നത്തിലും ആ വീക്ഷണത്തിൽ നിന്ന് അദ്ദേഹം മാറിയിട്ടില്ല. യുഡിഎഫിന്‍റെ ഭാഗമായി നിൽക്കുമ്പോൾ പോലും ആസിയാൻ കരാറുമായി ബന്ധപ്പെട്ട് നിശ്ശിതമായ വിമർശനമാണ് കെ എം മാണി കോൺഗ്രസിനെതിരെ ഉന്നയിച്ചത്. അന്ന് കെ എം മാണി അടക്കമുള്ളവർ ഉയർത്തിയ വിമർശനം കണക്കാക്കാതെ ആസിയാൻ കരാറിന്‍റെ ഭാഗമായതിന്‍റെ ദുരന്തഫലങ്ങൾ കേരളത്തിലെ കർഷകർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.

ക്ഷേമപദ്ധതികളോടുള്ള താൽപ്പര്യമായിരുന്നു കെ എം മാണിയുടെ രണ്ടാമത്തെ പ്രത്യേകതയെന്ന് തോമസ് ഐസക്. ക്ഷേമപെൻഷനുകൾ അവതരിപ്പിച്ചത് കെ എം മാണിയായിരുന്നു. അദ്ദേഹത്തിന്‍റെ കാലയളവിൽ ആരംഭിച്ച കാരുണ്യ പദ്ധതി ഇതിന് ഉദാഹരണമാണ്. കാരുണ്യ പദ്ധതിക്ക് മുമ്പ് കിടത്തി ചികിത്സ ചെലവിന് 30000 രൂപയേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിന്‍റെ സാഹചര്യത്തിൽ ജീവിതശൈലീ രോഗങ്ങൾക്കായി വലിയ ചികിത്സാ ചെലവുണ്ടെന്നത് തിരിച്ചറിഞ്ഞാണ് കെ എം മാണി കാരുണ്യ പദ്ധതി ആവിഷ്കരിച്ച ഇടതുസർക്കാർ തുടർന്നു. ഇടത് സർക്കാർ അതിനെ സമഗ്ര ഇൻഷുറൻസ് ആരോഗ്യ പരിരക്ഷയാക്കി മാറ്റിയെന്നും ഡോ തോമസ് ഐസക് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ്; വിവിധയിടങ്ങളിൽ കഞ്ചാവ് പിടികൂടി, പിടിയിലായത് ഇതര സംസ്ഥാനക്കാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്നുപോയ പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു