കെഎം മാണി ഫ്രം പാലാ: കേരള രാഷ്ട്രീയത്തിലെ 'മാസ്റ്റർ ബ്ലാസ്റ്റർ'

By Web TeamFirst Published Apr 9, 2019, 8:59 PM IST
Highlights

ലോക ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ കുറിച്ച റെക്കോഡുകൾ പോലെയാണ് കേരള രാഷ്ട്രീയത്തിലെ കെഎം മാണിയുടെ നേട്ടങ്ങളും

കോട്ടയം: ലോക ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ കുറിച്ച റെക്കോഡുകൾക്ക് കൈയ്യും കണക്കുമില്ല. അത് പോലെ തന്നെയാണ് കേരള രാഷ്ട്രീയത്തിൽ കെഎം മാണിക്ക് മാത്രം സ്വന്തമായ നേട്ടങ്ങളുടെ പട്ടികയും. പാലാ നിയോജക മണ്ഡലത്തെ അഞ്ച് പതിറ്റാണ്ടിലേറെ കാലം പ്രതിനിധീകരിച്ച കെഎം മാണി അതിന്റെ പാതിയോളം കാലം സംസ്ഥാനത്തെ മന്ത്രിസ്ഥാനവും വഹിച്ചു. നീണ്ട 24 വർഷക്കാലം മന്ത്രിയായിരുന്ന കെഎം മാണി 13 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ആ റെക്കോഡും തന്റെ പേരിലാക്കി.

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്ക് ഏറ്റവും കൂടുതൽ തവണ മന്ത്രിയായ വ്യക്തി, ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിരുന്ന വ്യക്തി തുടങ്ങിയ നേട്ടങ്ങളും അവകാശപ്പെടാനുണ്ട്. ∙മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ കാലം ധന വകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. സംസ്ഥാനത്ത് പത്ത് വർഷം റവന്യൂ വകുപ്പും നാല് വർഷവും ആറ് മാസവും ഹൗസിങ് വകുപ്പും, ഒരു വർഷവും ആറ് മാസവും ആഭ്യന്തര വകുപ്പും പത്ത് മാസം ജലസേചനം വകുപ്പും കൈകാര്യം ചെയ്തു.

ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയ വ്യക്തിയാണ് മാണി. 2019 ഏപ്രിൽ 9 വരെ, 18719 ദിവസമാണ് കെഎം മാണി എംഎൽഎ ആയിരുന്നത്. 51 വർഷവും മൂന്ന് മാസവും ഒൻപത് ദിവസവും വരുമിത്. 1964ൽ പാലാ മണ്ഡലം രൂപീകരിച്ച ശേഷം 1965 മാർച്ച് 4നു നടന്ന തിരഞ്ഞെടുപ്പിലായിരുന്നു മാണിയുടെ ആദ്യ വിജയം.  ആദ്യ വിജയത്തിന് 50 വർഷം തികച്ച രണ്ടാമത്തെ ജനപ്രതിനിധിയാണ് മാണി. കെആർ ഗൗരിയമ്മയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
 

click me!