രാത്രി വീട്ടിലെത്തി പരിശോധന,ഓട്ടോയില്‍ ചാരായം കണ്ടെത്തി,അറസ്റ്റ്, പൊലീസ് കള്ളക്കേസില്‍ കുരുക്കിയെന്ന് ബെന്നി

By Web TeamFirst Published Apr 14, 2022, 10:10 AM IST
Highlights

പൊലീസ് പിടിച്ചെടുത്ത വണ്ടി തിരികെ കിട്ടും വരെ എങ്ങനെ ജീവിക്കുമെന്നറിയില്ല. മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. പക്ഷേ റിപ്പോര്‍ട്ട് ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

തൃശ്ശൂര്‍: മുരിങ്ങൂരിന് (Muringur) സമീപം മണ്ടിക്കുന്നില്‍ വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കള്ളക്കേസില് കുടുക്കിയതായി പരാതി. കഴിഞ്ഞ ക്രിസ്തുമസിന് പിറ്റേന്നുളള രാത്രി ബെന്നിക്ക് ജീവിതത്തില്‍ മറക്കാനാകില്ല. രാത്രി 10 മണിക്ക് വീട്ടിലേക്ക് എത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന ബെന്നിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണര്‍ത്തി. 72 വയസ്സുളള അമ്മയും ബെന്നിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പരിശോധിച്ച് അരലിറ്റര്‍ വാറ്റ് ചാരായം കണ്ടെടുത്തു. ഉടൻ തന്നെ തൊട്ടടുത്ത പറമ്പില്‍ പരിശോധന നടത്തി മൂന്നര ലിറ്റര്‍ വാറ്റു ചാരായം കൂടി കണ്ടെടുത്തു. അനധികൃതമായി മദ്യം കൈവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് അറസ്റ്റിലായ ബെന്നി 11 ദിവസം ജയിലില്‍ കിടന്നു.

മദ്യപിക്കുന്ന സ്വഭാവമുണ്ടെങ്കിലും ബെന്നി ഒരിക്കിലും മദ്യവില്‍പന നടത്താറില്ലെന്ന് കുടുംബം പറയുന്നു. അയല്‍വാസിയുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ബെന്നിയെ കള്ളകേസില്‍ കുടുക്കിയെന്നാണ്  പരാതി. കുറ്റം സമ്മതിക്കാൻ പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ബെന്നി എല്ലാ ശനിയാഴ്ചയും കൊരട്ടി സ്റ്റേഷനില്‍ എത്തി ഒപ്പിടണം. ഓട്ടോ ഓടിച്ചാണ് ബെന്നി കുടുംബം പുലര്‍ത്തിയിരുന്നത്. പൊലീസ് പിടിച്ചെടുത്ത വണ്ടി തിരികെ കിട്ടും വരെ എങ്ങനെ ജീവിക്കുമെന്നറിയില്ല. മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. പക്ഷേ റിപ്പോര്‍ട്ട് ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ബെന്നി വാറ്റു ചാരായം വില്‍ക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് കൊരട്ടി പൊലീസിന്‍റെ വിശദീകരണം.
 

tags
click me!