
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ തീരുമാനം തിരുത്തി പുതിയ സർക്കുലർ. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നു എന്ന പരാതിയെ തുടർന്നാണ് മാറ്റം. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അന്‍പതാക്കി ഉയര്‍ത്തി. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. നിരീക്ഷണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് -28
റീടെസ്റ്റ്-20
വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നവർ -2
1 ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ലഭ്യമാക്കും
2 റീ-ടെസ്റ്റ് ഡ്രൈവിങ് ലൈസൻസ് സ്ലോട്ടുകൾ 8 ദിവസത്തിനുള്ളിൽ ലഭ്യമാക്കും
3.ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ 3 ദിവസത്തിനുള്ളിൽ ലഭ്യമാക്കും
ഫിറ്റ്നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. മറ്റെല്ലാ ജോലികളും മാറ്റിവച്ചാണെങ്കിലും മൂന്നു മാസം കൊണ്ട് കെട്ടിക്കിടക്കുന്ന അപേക്ഷയിൽ തീർപ്പമുണ്ടാക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിർദേശം. ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകണം. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകണം. മൂന്നു മാസത്തിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്ക്കാരം കൊണ്ടുവരാനാണ് ആലോചന.
ഡ്രൈവിങ് ലൈസൻസ് പരീക്ഷാ നടത്തിപ്പിൽ ഗുരുതര പിഴവുണ്ടെന്ന് കണ്ടെത്തിയാണ് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ടെസ്റ്റിൽ നിയന്ത്രണം കൊണ്ടുവന്നത്. സിഐടിയു അടക്കം പ്രതിഷേധിച്ചിട്ടും മന്ത്രി പിൻമാറിയില്ല. ഒരു എംവിയും എഎംവിയും അടക്കമുള്ള ഉദ്യോഗസ്ഥർ 60 ടെസ്റ്റുകള്‍ വരെ നടത്തുമായിരുന്നു. ഇത് 40 ആക്കി കുറച്ചു. ഇതോടെ അപേക്ഷകള്‍ കെട്ടിക്കിടപ്പായി. ലൈസൻസിനായി കാത്തിരിക്കുന്നവരുടെ പരാതി കൂടി.
18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാവൂ, ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും എന്നെല്ലാം അന്നത്തെ ഉത്തരവിലുണ്ടായിരുന്നു. തുടർന്ന് ഡ്രൈവിങ് സ്കൂളുകൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ പഴക്കം 18 ൽ നിന്ന് 22 വർഷം വരെയായി ഉയർത്തി. ഡ്രൈവിങ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിക്കുകയുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam