
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കുന്നതിനായി 450 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് തയ്യാറാക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ തവണ തീർത്ഥാടന സീസണിന് വളരെ മുൻപേ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു. റോഡുകൾ അറ്റകുറ്റപ്പണി ചെയ്യുക എന്നതിനപ്പുറം തീർത്ഥാടന പാതകളുടെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 2021 മുതൽ ശബരിമല റോഡുകളുടെ കാര്യത്തിൽ പല കാരണങ്ങളാൽ വീഴ്ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ കൃത്യമായ രീതിയിൽ അറ്റകുറ്റ പണികൾ നടന്നിട്ടില്ല. ഈ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് ഗവൺമെന്റ് കാണുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും മന്ത്രി ബഷീർ പറഞ്ഞു. അതു കൊണ്ടുതന്നെയാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലകളിലെ റോഡുകൾക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും തീർത്ഥാടക സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും.
റോഡ് സുരക്ഷാ നടപടികൾക്കായി പ്രത്യേകം 15 കോടി രൂപ.
മുൻ വർഷങ്ങളിലെ പൂർത്തിയാകാത്ത പ്രവൃത്തികളുടെ മുൻഗണനാടിസ്ഥാനത്തിൽ ഉള്ള പൂർത്തിയാക്കൽ.
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ, സ്പീഡ് ബ്രേക്കർ, റിഫ്ലക്ടർ, സൈൻബോർഡ് എന്നിവ സ്ഥാപിക്കൽ.
ദൃശ്യപരതയും സുരക്ഷയും ഉറപ്പാക്കാൻ റോഡിന്റെ ഇരുവശങ്ങളിലെയും മരച്ചെടികളുടെ നീക്കം ചെയ്യൽ.
മേഖലയിലെ സർക്കാർ റെസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണിയും മണ്ഡല സീസണിന് മുമ്പുള്ള പൂർത്തിയാക്കൽ.
പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അതോറിറ്റി, കേരള വാട്ടർ അതോറിറ്റി എന്നിവയുടെ സംയുക്ത യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടി പ്രവൃത്തികൾ ഏകോപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട നിയോജകമണ്ഡല തല പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എം എൽ എമാരുടെ പ്രത്യേക യോഗവും നടത്തും. പരിസ്ഥിതി സുസ്ഥിരത കണക്കിലെടുത്ത് എല്ലാ പ്രവൃത്തികളും നടപ്പാക്കുമെന്നും, പുരോഗതി ഇടയ്ക്കിടെ അവലോകനം ചെയ്ത് തീർത്ഥാടന സീസണിന് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി ബഷീർ അറിയിച്ചു. ഈ തവണ മുൻകൂട്ടിയുള്ള ആസൂത്രണവും നടപടികളും മൂലം ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
1. തയ്യാറെടുപ്പ് ഘട്ടം (ജൂലൈ – ഓഗസ്റ്റ് 2026)
പുതിയ പ്രൊപ്പോസലുകൾ സമർപ്പിക്കൽ,
മുൻ വർഷങ്ങളിലെ പൂർത്തിയാകാത്ത പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കൽ,
പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അതോറിറ്റി, കേരള വാട്ടർ അതോറിറ്റി എന്നിവയുടെ സംയുക്ത യോഗം,
എംഎൽഎമാരുടെ പ്രത്യേക യോഗം,
അഡ്മിനിസ്ട്രേറ്റീവ് സാങ്ഷൻ & ടെൻഡർ പ്രക്രിയ ആരംഭിക്കൽ
2. മുൻഗണനാ പ്രവൃത്തി ഘട്ടം (ഓഗസ്റ്റ് – സെപ്റ്റംബർ 2026)
മുൻ വർഷങ്ങളിലെ ബാക്കി പ്രവൃത്തികൾ മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കൽ
റോഡ് സുരക്ഷാ നടപടികൾക്കുള്ള 15 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിക്കൽ, ക്രാഷ് ബാരിയർ,സ്പീഡ് ബ്രേക്കർ,റിഫ്ലക്ടർ സൈൻബോർഡ്
റോഡിന്റെ ഇരുവശങ്ങളിലെയും മരച്ചെടികൾ നീക്കം ചെയ്ത് ദൃശ്യപരത ഉറപ്പാക്കൽ.
3. പ്രധാന റോഡ് നവീകരണ ഘട്ടം (സെപ്റ്റംബർ – ഒക്ടോബർ 2026)
പ്രധാന സമീപന റോഡുകളുടെ ബിഎം& ബിസി / ബിസി ഓവർലേ പ്രവൃത്തികൾ, ഡ്രെയിനേജ് സൗകര്യം,
ജലജീവൻ മിഷൻ മൂലം കുഴിഞ്ഞ റോഡുകളുടെ പൂർണ്ണ പുനരുദ്ധാരണം,
റെസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണിയും
4. അന്തിമ പൂർത്തീകരണവും ഗുണനിലവാര പരിശോധനയും :(ഒക്ടോബർ – നവംബർ 2026 ആദ്യം)
എല്ലാ പ്രവൃത്തികളുടെയും പൂർത്തീകരണം.
ഗുണനിലവാര പരിശോധന,
സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന,
ഇടയ്ക്കിടെയുള്ള അവലോകന യോഗങ്ങൾ.
മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കൽ (ലക്ഷ്യം: നവംബർ 2026)
ശബരിമലയുടെ പ്രാധാന്യവും പ്രത്യേകതയും കണക്കിലെടുത്ത്, നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്ന കാര്യത്തിനാണ് മുൻഗണനയെന്നും ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam