പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 'മാസ്റ്റർപ്ലാൻ' പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി, കോടതി ഇടപെടലിന് പിന്നാലെ അതിവേഗ നടപടി

Published : Jul 26, 2026, 04:51 PM IST
K Muraleedharan

Synopsis

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ജീവനക്കാരുടെ കുറവ് നികത്തുക, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മാസ്റ്റർപ്ലാനുമായി ആരോഗ്യവകുപ്പ്. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് സ്റ്റാഫുകളുടെ കുറവും കെട്ടിടത്തിലെ ശോച്യാവസ്ഥയില്‍ അടക്കം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടി. ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യാഴാഴ്ച മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിക്കും. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി പരിതാപകരമാണെന്ന ഹൈക്കോടതി വിലയിരുത്തലിന് പിന്നാലെയാണ് അടിയന്തര നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ ഇവിടെ നേരിട്ട് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഈ ഇടപെടല്‍. ജയിലിന് സമാനമായ അവസ്ഥയിലാണ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാസ്റ്റർപ്ലാൻ ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്. രണ്ട് കെട്ടിടങ്ങള്‍ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. ഇത് പുതുക്കിപ്പണിയണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ ബലപ്പെടുത്തും. മാനസികാരോഗ്യകേന്ദത്തിന്‍റെ സ്ഥലത്തെ കൈയ്യേറ്റവും ഒഴിപ്പിക്കും. ചികിത്സയിലുള്ള തടവുകാരെ സുരക്ഷ പ്രശ്നം ഉള്ളതിനാല്‍ ജയിലിലേക്ക് തിരച്ചയക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കുകയാണ് പ്രധാന വെല്ലുവിളി. ഇവിടേയ്ക്ക് മാത്രമായി ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. ഇവർക്ക് ആവശ്യത്തിനുള്ള പരിശീലനവും നൽകും. സെക്യൂരിറ്റി ജോലിയിലേയ്ക്ക് ആളെ കിട്ടാൻ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യും. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം ആശുപത്രികളുടെ കാര്യം നോക്കാനായി മാത്രം അഡീഷണല്‍ ഡി എച്ച് എസിനെ നിയോഗിക്കും.

മന്ത്രിയുടെ വാക്കുകൾ

പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ പോരായ്മകൾ പരിഹരിച്ച് വീണ്ടെടുക്കാൻ മാസ്റ്റർപ്ലാൻ നടപ്പിലാക്കും. 22 വർഷമായി പണി തീരാതെ കിടക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി തുറന്നു നൽകും. നിലവിലുള്ള കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കും. 2017 ലെ മെന്റൽ ഹെൽത്ത് ആക്ട് ശക്തമായി നടപ്പിലാക്കി രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. മരുന്നുകൾ കൃത്യമായി ആവശ്യാനുസരണം ലഭ്യമാക്കും. രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി, അലക്ക് തുടങ്ങിയ വിഭാഗങ്ങളിൽ മതിയായ എണ്ണം ജീവനക്കാരെ നിയോഗിക്കും. ജീവനക്കാരുമായി സഹകരിക്കുന്ന രോഗികളെ സെല്ലുകൾക്ക് പുറത്തേക്ക് എത്തിച്ച് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് ഉൾപ്പെടെ അവസരമൊരുക്കും. ഇതിന് മുന്നോടിയായി പൊളിഞ്ഞു കിടക്കുന്ന ചുറ്റുമതിൽ ഉൾപ്പെടെ പൂർത്തിയാക്കി സുരക്ഷ ശക്തമാക്കും. കൈയ്യേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കും. മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ പൊളിഞ്ഞ റോഡുകൾ സഞ്ചാര യോഗ്യമാക്കുമെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ 450 കോടിയുടെ മെഗാ പാക്കേജ്, തീര്‍ഥാടനത്തിന് മികച്ച പാതകൾ ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി
ബന്ധുവിനൊപ്പം കുളിക്കാനിറങ്ങി, കുളത്തിലെ ഗുഹയില്‍ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം