'കൊവിഡ് 19 കാരണം ഡ്രൈവിംഗ് ടെസ്റ്റുകൾ നിര്‍ത്തിവെച്ചിരുന്നു'; വിചിത്ര അറിയിപ്പിൽ വൻ ഞെട്ടൽ, സംഭവം കാസർകോട്

By Web TeamFirst Published May 2, 2024, 10:28 AM IST
Highlights

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് കാസര്‍കോട് ഇത്തരമൊരു അറിയിപ്പ്.

കാസര്‍കോട്: കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചു. കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണവുമാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഈ മാസം 24 വരെയുള്ള എല്ലാ ടെസ്റ്റുകളും റദ്ദാക്കിയതായി പഠിതാക്കൾക്ക് അറിയിപ്പ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് കാസര്‍കോട് ഇത്തരമൊരു അറിയിപ്പ്.

അതേസമയം, മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു രംഗത്ത് വന്നു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്‍ദുൾ ഗഫൂർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലർ പ്രകടിപ്പിക്കുന്ന ഒരു വൈഷമ്യം ഉണ്ട്.  മന്ത്രിക്കും അതുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. അതിൽ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിക്കും. സിഐടിയുവാണ് പ്രതിഷേധിക്കുന്നത്. അല്ലാതെ മാഫിയ സംഘമല്ല. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങൾ ഉണ്ടാകുമെന്നും ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു )ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ ആരോപിച്ചു.

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഇന്ന് മുതൽ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ എവിടെയും ഇന്ന് ടെസ്റ്റുകൾ നടന്നിട്ടില്ല. എല്ലായിടത്തും ഡ്രൈവിംഗ് ടെസ്റ്റിനെതിരെ  സിഐടിയു പ്രതിഷേധം നടത്തുകയാണ്. ഇതിനിടെയാണ് ഡ്രൈവിംഗ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആരോപണമുയർത്തിയത്. ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു കെ ബി  ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണം. 

ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ

'എനിക്ക് നല്ല കണ്ട്രോൾ ആണ്, എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും'; ഇവരോട് എക്സൈസ് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!