
പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പോലീസുകാരൻ ഓടിച്ച ബൈക്ക് ആംബുലൻസിലിടിച്ച് അപകടം. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം സ്വദേശി പ്രവീൺ കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി 7:45-ഓടെ കോന്നി കൊന്നപ്പാറയ്ക്ക് സമീപമായിരുന്നു സംഭവം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുമായി പോയതായിരുന്നു ആംബുലൻസ്. വീടിന് സമീപം നിർത്തിയിട്ടിരിക്കുമ്പോഴാണ് തണ്ണിത്തോട് സ്റ്റേഷനിലേക്ക് ബൈക്കിൽ പോവുകയായിരുന്ന പ്രവീൺ കുമാർ ആംബുലൻസിന്‍റെ വശത്തേക്ക് ഇടിച്ചുകയറ്റിയത്. അപകടത്തിൽ ആംബുലൻസിന്‍റെ ഒരു ഭാഗം തകർന്നു.
ഇടിയുടെ ആഘാതത്തിൽ രോഗിക്ക് അസ്വസ്ഥതയും അനുഭവപ്പെട്ടു. മദ്യലഹരിയിലായിരുന്ന സിപിഒയെ നാട്ടുകാർ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് കോന്നി പോലീസും തണ്ണിത്തോട് എസ്ഐയും സംഭവസ്ഥലത്തെത്തിയാണ് പ്രവീൺ കുമാറിനെ കോന്നി സ്റ്റേഷനിലേക്ക് മാറ്റിയത്. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായി. സംഭവത്തിൽ കോന്നി പോലീസ് കേസെടുത്തു. വകുപ്പുതല നടപടി ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam