'മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതന്‍'; സുധാകരനെ കടന്നാക്രമിച്ച് ഡിവൈഎഫ്ഐ

By Web TeamFirst Published Sep 22, 2021, 11:57 AM IST
Highlights

കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് കെ സുധാകരൻ. ആ കോടാലിയാണ് ഇപ്പോൾ മുരളീധരൻ പിടിക്കുന്നത്. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെപിസിസി തലപ്പത്ത് ഉള്ളതെന്നും 16 കോടി എവിടെ പോയെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു

തിരുവനന്തപുരം: കെ കരുണാകരൻ (K Karunakaran) ട്രസ്റ്റ് വിവാദം ഏറ്റെടുത്ത് ഡിവൈഎഫ്ഐ (DYFI). ലീഡർക്ക് വേണ്ടി പിരിച്ച 16 കോടി എവിടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം(A A Raheem) ചോദിച്ചു. സുധാകരന്‍റെ (K Sudhakaran) കീശയിൽ കരുണാകരനെ വിറ്റ കാശാണ് ഉള്ളത്. കെ കരുണാകരൻ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു. കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് കെ സുധാകരൻ. ആ കോടാലിയാണ് ഇപ്പോൾ മുരളീധരൻ പിടിക്കുന്നത്.

കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെപിസിസി (KPCC) തലപ്പത്ത് ഉള്ളതെന്നും 16 കോടി എവിടെ പോയെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനെന്നാണ് സുധാകരനെ റഹീം വിശേഷിപ്പിച്ചത്. സിപിഎം സെക്രട്ടറിക്ക് സുധാകരന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

അതേസമയം, നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സർവകക്ഷി യോഗം വിളിക്കുന്നതാണ് നല്ലതെന്ന് ഡിവൈഎഫ്ഐ അഭിപ്രായം പ്രകടിപ്പിച്ചു. യോഗം വിളിക്കേണ്ട എന്ന നിലപാട് സർക്കാരിനുണ്ടെന്ന് കരുതുന്നില്ല. സമുദായ നേതാക്കളുടെ യോഗം വിളിച്ച കർദിനാൾ ക്ലിമീസ് എടുത്തത് മാതൃകാപരമായ സമീപനമാണ്.

ആർഎസ്എസും എസ്ഡിപിഐയും ജമാഅത്ത ഇസ്ലാമിയും ഈ വിഷയത്തെ സുവർണ്ണാവസരമായി കാണുകയാണ്. കേസെടുത്ത് പരിഹരിക്കേണ്ട വിഷയമല്ല ഇതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.  ഐഎസ്ആർഒ സ്ഥിര നിയമനങ്ങൾ നിർത്തലാക്കുന്നതിൽ ഡിവൈഎഫ്ഐ പ്രതിഷേധത്തിലേക്ക് കടക്കുകയാണെന്നും റഹീം അറിയിച്ചു. നാളെ ഐഎസ്ആർഒക്ക് മുന്നിൽ സമരം നടത്തുന്നുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!