രാഹുൽ ​ഗാന്ധിക്ക് അയോ​ഗ്യത: തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

By Web TeamFirst Published Mar 24, 2023, 8:19 PM IST
Highlights

രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിന്റെ നടപടിയ്ക്കെതിരെയും പ്രതിപക്ഷ എംപിമാരെ ദില്ലിയിൽ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

തിരുവനന്തപുരം:  കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ എംപിയുമായ രാഹുൽ ​ഗാന്ധിയെ വിവാദ പ്രസം​ഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കിയ നടപടിക്കടക്കമെതിരെ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐ പ്രകടനം നടത്തി. രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിന്റെ നടപടിയ്ക്കെതിരെയും പ്രതിപക്ഷ എംപിമാരെ ദില്ലിയിൽ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ദില്ലിയിൽ സമരം നടത്തിയ ഡിവൈഎഫ്ഐ  അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.  രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം  റദ്ദാക്കിയ നടപടി പ്രതിപക്ഷ നേതൃനിരയെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. 

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് മുൻകൈയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് ഭീഷണി തുടരുകയാണ്.   പ്രതിപക്ഷത്തെ പ്രധാന നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇത്തരം ഏകാധിപത്യ നിലപാടുകൾക്കെതിരെ പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച്  ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.അനൂപ് അധ്യക്ഷത വഹിച്ചു. 

click me!