'എം ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനവിവാദം ശുദ്ധ അസംബന്ധം, ഇത് രാഷ്ട്രീയം', ഡിവൈഎഫ്ഐ

By Web TeamFirst Published Feb 5, 2021, 3:35 PM IST
Highlights

ഇന്‍റർവ്യൂ ചെയ്ത ഓരോരുത്തരും എഴുതിയത് രേഖകളിലുണ്ടാകും. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സർവകലാശാല വൈസ് ചാൻസലർ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു പുകമറ മാത്രമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം.

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിലെ വിവാദം ശുദ്ധ അസംബന്ധമെന്ന് ഡിവൈഎഫ്ഐ. ഇന്‍റർവ്യൂ ബോർ‍ഡിൽ യുജിസി നിർദേശിച്ച വിദഗ്ധരാണുള്ളത്. ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയം കാണുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം തിരികെ ആരോപണമുന്നയിക്കുന്നു. 

കാലിക്കറ്റ് സർവകലാശാലയിലെ മലയാള - കേരള വിഭാഗത്തിലെ പ്രൊഫസറായ പ്രൊഫ. ഉമർ തറമേലാണ് നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേട് സൂചിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത സ്ഥിതിയാണെന്നും, ഇത്തരമൊരു അനുഭവം തനിക്ക് ജീവിതത്തിലിതാദ്യമാണെന്നും ഡോ. ഉമർ തറമേൽ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയിരുന്നു. 

ഇന്‍റർവ്യൂ ചെയ്ത ഓരോരുത്തരും എഴുതിയത് രേഖകളിലുണ്ടാകും. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സർവകലാശാല വൈസ് ചാൻസലർ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു പുകമറ മാത്രമെന്നും എ എ റഹീം പറയുന്നു. 

എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന് കാണിച്ച് ഇന്റർവ്യൂ ബോർഡിലെ 3 വിദഗ്ധരും കാലടി സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. നിയമനത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചു. കാലടി സർവ്വകലാശാലയിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മാർച്ച് നടത്തി. വിവാദം കത്തിപ്പടർന്ന് നിൽക്കുമ്പോഴാണ് നിയമനത്തെച്ചൊല്ലിയുള്ള ആരോപണങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്ന് എ എ റഹീം പറയുന്നത്. 

അധ്യാപകരും യുജിസി വിദഗ്ധരുമായ ടി. പവിത്രൻ, കെ എം ഭരതൻ എന്നിവരാണ് സർവകലാശാലയ്ക്ക് തന്നെ പരാതി നൽകിയ മറ്റ് രണ്ട് പേർ. ലിസ്റ്റിൽ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലെന്ന് കത്തിൽ പറയുന്നുണ്ട്. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ എം ബി രാജേഷ് രണ്ടാം ദിവസവും തയ്യാറായില്ല. വിസി എല്ലാം പറയുമെന്നാണ് രാജേഷ് ഇപ്പോഴും പറയുന്നത്. 

click me!