ട്രോൾ വീഡിയോ നിര്‍മ്മിക്കാന്‍ ബൈക്ക് അപകടം ഉണ്ടാക്കിയ സംഭവം; പൊലീസ് കേസെടുത്തു

By Asianet MalayalamFirst Published Feb 5, 2021, 3:24 PM IST
Highlights

രണ്ടാഴ്ച മുമ്പാണ് വീഡിയോ ചിത്രീകരണത്തിനായി മഹാദേവികാട് സ്വദേശികളായ യുവാക്കൾ ചേർന്ന് മനപൂർവ്വം തൃക്കുന്നപ്പുഴയിൽ  യാത്രികരായ വയോധികനെയും യുവാവിനെയും അപകടപ്പെടുത്തിയത്.

ആലപ്പുഴ: ആലപ്പുഴയിൽ ഹരിപ്പാട് ട്രോൾ വീഡിയോ നിർമ്മാണത്തിനായി മനപൂർവ്വം വഴിയാത്രികരെ വാഹനം ഇടിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ പൊലീസ് നടപടിയെടുത്തു. മഹാദേവികാട് സ്വദേശികളായ സജീഷ് (22) , ആകാശ് (20) എന്നിവര്‍ക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ്  കേസ് എടുത്തത്. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്നലെ മോട്ടോർ വാഹന വകുപ്പ് യുവാക്കളുടെ ലൈസൻസും  വാഹനങ്ങളുടെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്തിരുന്നു.

രണ്ടാഴ്ച മുമ്പാണ് വീഡിയോ ചിത്രീകരണത്തിനായി മഹാദേവികാട് സ്വദേശികളായ യുവാക്കൾ ചേർന്ന് മനപൂർവ്വം തൃക്കുന്നപ്പുഴയിൽ  യാത്രികരായ വയോധികനെയും യുവാവിനെയും അപകടപ്പെടുത്തിയത്. അപകട ശേഷം അറിയാതെ സംഭവിച്ചെന്ന മട്ടിൽ ഇവർ സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തു. ആകാശ് , ശിവദേവ് എന്നിവർ സഞ്ചരിച്ച ആഡംബര ബൈക്കാണ് ഇടിച്ചത്. സുജീഷ്, അഖിൽ, ശരത്, ഒരു സ്കൂൾ വിദ്യാർത്ഥി എന്നിവരടക്കം ബാക്കിയുള്ളവർ ഇവരെ ബൈക്കിൽ പിന്തുടർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്‍റിന്‍റെ കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിൽ അപകടം മനപ്പൂര്‍വ്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

click me!