
തിരുവനന്തപുരം: ആറ്റിങ്ങലിൽ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ചാണ് ബിജുരമേശിനെ തടഞ്ഞത്. അടൂർ പ്രകാശിന് വേണ്ടി പണം നൽകിയെന്നാണ് ആരോപണം. കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ ആണ് വന്നതെന്ന് ബിജു രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. അരുവിക്കര വടക്കേമലയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശ് എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിലേക്ക് മാറ്റി.
ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായ അടൂര്‍ പ്രകാശും വ്യവസായി ബിജു രമേശും അടുത്ത ബന്ധുക്കളാണ്. അടൂര്‍ പ്രകാശിന്റെ മകന്റെ ഭാര്യ ബിജു രമേശിന്റെ മകളാണ്. അത്യാഡംബരത്തോടെയായിരുന്നു ഈ വിവാഹം നടന്നത്. സിനിമാ സെറ്റുകൾ പരാജയപ്പെടുന്ന മണ്ഡപമാണ് വിവാഹത്തിന് ഒരുക്കിയിരുന്നത്. മുൻപ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് കോഴ വിവാദത്തിൽ കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു. രാജധാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ബിജു രമേശ് നിരവധി ബാറുകളുടെ ഉടമയാണ്.
ബിജു രമേശിന് എതിരെ കേസ് എടുക്കണം എന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടു. സിപിഎം നേതൃത്വം ബിജു രമേശിനെതിരെ പരാതി നൽകി. അതേസമയം ബിജു രമേശ് ഇവിടെ എത്തിയതറിഞ്ഞ് പിന്നാലെ വന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.
അതിനിടെ റിയൽ എസ്റ്റേറ്റ് ആവശ്യത്തിനായാണ് ബിജു രമേശ് വീട്ടിൽ വന്നതെന്ന് കോൺഗ്രസ് പ്രവര്‍ത്തകനായ സുരേഷ് പ്രതികരിച്ചു. കോളനിയിൽ പണം വിതരണം ചെയ്തിട്ടില്ലെന്നും കോൺഗ്രസ് അരുവിക്കര ബ്ലോക്ക് കമ്മിറ്റി അംഗമായ സുരേഷ് പ്രതകരിച്ചു. സുരേഷിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ബിജു രമേശിനെ ഡിവൈഎഫ്ഐ തടഞ്ഞത്. പണം കണ്ടെത്തിയിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലെയിംഗ് സ്ക്വാഡ് അറിയിച്ചു. ഇവര്‍ സ്റ്റേഷനിൽ നിന്ന് മടങ്ങുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam