'ഇൻഡി അഴിമതിക്കരുടെ സഖ്യം, മുഖ്യമന്ത്രി കള്ളക്കടത്തിന്റെ തിരക്കിൽ'; രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി ജെപി നദ്ദ

By Web TeamFirst Published Apr 19, 2024, 9:03 PM IST
Highlights

യുഡിഎഫും എൽഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇൻഡി സഖ്യം അഴിമതിക്കാരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും നദ്ദ

ദില്ലി: തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാൽ വികസനം ഉറപ്പാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസിനായി വോട്ട് ചെയ്തിട്ട് തിരുവനന്തപുരത്തുകാർക്ക് കിട്ടിയത് വട്ടപ്പൂജ്യമാണെന്നും ശശി തരൂരിന് ഇനി വിശ്രമം കൊടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്തിന്റെ തിരക്കിലാണെന്ന് പറഞ്ഞ അദ്ദേഹം 'ഇൻഡി' സഖ്യം അഴിമതിക്കാരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വിമര്‍ശിച്ചു.

രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്ന ഓരോ വോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതാണെന്ന് ജെപി നദ്ദ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ 10 വർഷവും മോദി ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും വികസനത്തിനായി ശ്രമിച്ചു. രാജ്യത്തിന് നല്ല അടിസ്ഥാന സൗകര്യങ്ങൾ നൽകി. ഐടി വികസനത്തിന് രാജീവ് ചന്ദ്രശേഖർ നല്ല സംഭാവനകൾ നൽകി. രാജീവ് ചന്ദ്രശേഖറിനായുള്ള വോട്ട്, മോദിയെ മൂന്നാം തവണ പ്രധാനമന്ത്രിയാക്കാൻ വേണ്ടിയുള്ള വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം മുമ്പ് നമ്മൾ ഉപയോഗിച്ചത് ചൈനയിലും കൊറിയയിലും ഉണ്ടാക്കിയ ഫോണുകളാണ്. ഇപ്പോൾ നമ്മുടെ കയ്യിൽ ഉള്ളത് ഇന്ത്യയിൽ ഉണ്ടാക്കിയ ഫോണുകളാണ്. ലോകരാജ്യങ്ങൾ മോദിയുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ജയിച്ചാൽ വികസനം ഉറപ്പാണ്. കോൺഗ്രസിനായി വോട്ട് ചെയ്തിട്ട് തിരുവനന്തപുരത്തുകാർക്ക് എന്ത് കിട്ടി? ബിഗ് സീറോ. തരൂരിന് ഇനി വിശ്രമം വേണം, വിശ്രമം കൊടുക്കൂ. ഇനി രാജീവ് ചന്ദ്രശേഖറിന് ജോലി കൊടുക്കൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സ്നേഹിക്കുന്നു. മുഖ്യമന്ത്രി കള്ളക്കടത്തിന്റെ തിരക്കിലാണ്. യുഡിഎഫും എൽഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇൻഡി സഖ്യം അഴിമതിക്കാരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. എല്ലാ അഴിമതിക്കാരും ഒന്നിച്ചാണ് ഇൻഡി സഖ്യത്തിലുള്ളത്. കോൺഗ്രസ് 3ജി, 4ജി, ജിജാജി അഴിമതികൾ നടത്തി. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഒക്കെ ജാമ്യത്തിലാണ്. കെജ്രിവാളും സിസോദിയയും ജയിലാണ്. ഇൻഡി സഖ്യ നേതാക്കൾ ഒന്നുകിൽ ജയിലിലാണ്, അല്ലെങ്കിൽ ജാമ്യത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!