
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകർത്ത് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ സുർജിത് റിമാൻഡിൽ. നാല് പേരെ ജാമ്യത്തിൽ വിട്ടു. അതേസമയം കാറിലെത്തിയ ബിജെപി പ്രവർതതകർ സിപിഎം പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ സംശയമുള്ളതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കേരള പൊലീസിനും മുകളിൽ പൊലീസുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് കേന്ദ്ര ഇടപെടലുണ്ടായതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊലീസ് നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കാട്ടായിക്കോണം സംഘർഷത്തെച്ചൊല്ലിയുള്ള പോര് തീരുന്നില്ല. 2016 ലെ തെരഞ്ഞെടുപ്പ് സംഘർഷത്തിലും പ്രതിയായ സുർജിത്തിനെ, സ്ത്രീകളടക്കമുള്ള ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് റിമാൻഡ് ചെയ്തത്. ബാക്കി നാല് പേരെ ജാമ്യത്തിൽ വിട്ടു. കാറിലെത്തിയ ബിജെപി സംഘം തങ്ങളെ ആക്രമിച്ചെന്ന് ഉച്ചയോടെ സിപിഎം പരാതി ഉയർത്തിയിരുന്നു. എന്നാൽ ഇത്തരത്തിൽ കാറില്ലെത്തിയവർ ആക്രമിച്ചിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് നിലപാട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുമില്ല. എന്നാൽ സിപിഎം പ്രവർത്തകർ ബിജിപെ പ്രവർത്തകന്റെ കാർ തകർത്തതിൽ കേസെടുത്തിട്ടുണ്ട്.
നേതാക്കളെ പൊലീസ് കൈയേറ്റം ചെയ്തതിലും തങ്ങൾക്കെതിരെ മാത്രം നടപടിയെന്നതിലും പൊലീസ് നടപടിക്കെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണ്. പൊലീസ് ബിജെപി ഏജന്റിനെപ്പോലെ പെരുമാറുന്നുവെന്ന് കടകംപള്ളി ഇന്നലെ ആഞ്ഞടിച്ചിരുന്നു. എന്നാൽ അക്രമത്തിന് കടകംപള്ളി നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉയർത്തുന്നത്. തങ്ങളെ ആക്രമിച്ചതിൽ നടപടിക്ക് കേന്ദ്ര ഇടപെടൽ ഉണ്ടായെന്നും ശോഭ.
തെരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ശ്രമം നടന്നു എന്നതടക്കം കാട്ടിയാണ് അക്രമ സംഭവങ്ങളിലും, പൊലീസ് നടപടിക്ക് എതിരെയും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ സിപിഎം ഒരുങ്ങുന്നത്. കാട്ടായിക്കോണത്ത് തുടർ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. 2016 ൽ തെരഞ്ഞെടുപ്പിന് പിന്നാലെ വലിയ സംഘർഷമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam