
പത്തനംതിട്ട: പോക്സോ കേസിൽ വീഴ്ച വരുത്തിയ കോന്നി ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ. ഡിവൈഎസ്പി ടി. രാജപ്പൻ, എസ് എച്ച് ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് എസ്പി റിപ്പോർട്ട് നൽകിയത്. തുടർന്നാണ് ആഭ്യന്തരവകുപ്പ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
പോക്സോ കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ആദ്യം കേസെടുക്കുന്നതിലും നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിലും ഡിവൈഎസ്പിക്കും എസ് എച്ച് ഒ പിക്കും വീഴ്ച വരുത്തിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത സുരേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസിലും ഡിവൈഎസ്പി രാജപ്പനും എസ് എച്ച് ഒ പി ശ്രീജിത്തും വീഴ്ചവരുത്തിയെന്ന് ഡിഐജിയുടെ റിപ്പോർട്ടില്‍ പറയുന്നു. ഈ റിപ്പോർട്ടിനെ തുടർന്നാണ് രണ്ട് മാസം മുമ്പ് നൽകിയ പോക്സോ കേസ് അട്ടിമറിയിൽ ഇരുവരെയും സസ്പെൻഡ് ചെയ്തത്.
യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ നൗഷാദ് ആണ് പോക്സോ കേസിലെ പ്രതി. 16 വയസുകാരിയെ ബന്ധുവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിലാണ് വീഴ്ച വരുത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ കുട്ടിയുടെ പിതാവ് പരാതി നൽകിയെങ്കിലും കോന്നി ഡിവൈഎസ്പിയും സിഐയും അന്വേഷണത്തിൽ വീഴ്ചവരുത്തി. പരാതി ലഭിച്ച് മൂന്നര മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.