ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി; ഒരു വർഷമായി പഠനം മുടങ്ങിയ അശ്വതിക്കും അഭിനന്ദിനും സഹായമെത്തി

By Web TeamFirst Published Jun 2, 2021, 8:28 AM IST
Highlights

അശ്വതിക്കും ചെറുപുഷ്പം ഹയർസെക്കന്ററി സ്കൂളിലെ രണ്ട് സഹപാഠികൾക്കും കെ സുധാകരൻ എം പി ടെലിവിഷൻ എത്തിച്ചു നൽകി.

കണ്ണൂർ: കണ്ണൂർ ചന്ദനക്കാംപാറയിലെ അശ്വതിക്കും അഭിനന്ദിനും ഇനി ആത്മവിശ്വാസത്തോടെ മുന്നേറാം. ടിവിയോ ഫോണോ ഇല്ലാത്തതിനാൽ ഒരു വർഷമായി പഠനം മുടങ്ങിയ സഹോദരങ്ങളെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ സഹായമെത്തി. അശ്വതിക്കും ചെറുപുഷ്പം ഹയർസെക്കന്ററി സ്കൂളിലെ രണ്ട് സഹപാഠികൾക്കും കെ സുധാകരൻ എം പി ടെലിവിഷൻ എത്തിച്ചു നൽകി.

ഡോക്ടറാകാൻ കൊതിച്ച അശ്വതിയുടെ ദുഃഖം മലയാളിയെ പൊള്ളിച്ചു. വാർത്തയ്ക്ക് പിന്നാലെ നിരവധി ഫോൺകോളുകളാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ തേടിയെത്തിയത്. ഗൾഫിൽ നിന്നൊരാൾ 20 നായിരം രൂപ അശ്വതിയുടെ അക്കൗണ്ടിലേക്ക് സ്മാർട്ട് ഫോൺ വാങ്ങാനയച്ചുകൊടുത്തു. പേര് പുറത്ത് പറയേണ്ടെന്നറിയിച്ചായിരുന്നു ആ സ്നേഹോപഹാരം. അശ്വതിയെ പോലെ രണ്ട് പേർ കൂടി ക്ലാസിൽ ടിവിയോ ഫോണോ ഇല്ലാത്തവരായുണ്ടെന്നറിഞ്ഞ കണ്ണൂർ എം പി കെ സുധാകരൻ മൂന്ന് പേർക്കും ടെലിവിഷൻ എത്തിച്ചു നൽകി.

ഈ ക്ലാസിൽ ഹാജരുണ്ടോ വാർത്ത പരമ്പര നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്നു. അശ്വതിയുടെ അനുഭവം പോലെ സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന നിരവധി റിപ്പോർട്ടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. കൊവിഡ് കാലത്തെ ഡിജിറ്റൽ പഠനത്തിൽ പിന്തള്ളപ്പെട്ടുപോകുന്നവരെ എങ്ങനെ ചേർത്തും എന്ന കാതലായ ചോദ്യമാണ് ഏഷ്യാനെറ്റ് ഉയർത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!