കൊവിഡ് ധനസഹായം‍; രണ്ട് ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

By Web TeamFirst Published Jan 27, 2022, 8:06 PM IST
Highlights

നിലവിൽ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്. കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുന്നു. 

തിരുവനന്തപുരം: കൊവിഡ് (Covid 19) ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവന സന്ദർശനത്തിലൂടെയും രണ്ട് ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു. നിലവിൽ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്. നഷ്ടപരിഹാര അപേക്ഷകളിൽ കാലതാമസം ഉണ്ടാവുന്നതിൽ സുപ്രീംകോടതി തുടർച്ചയായ വിമർശനം ഉന്നയിച്ചിരുന്നു. കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുന്നു. 

ഇതുവരെ 3794 കുട്ടികളെയാണ് അർഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ബാല്‌സ്വരാജ് പോട്ടർലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ മൂന്ന് ലക്ഷം രൂപയും പ്രതിമാസ സ്‌പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്. ജില്ലാ കളക്ടർ മഖേന കുട്ടികളുടെ വേരിഫിക്കേഷൻ നടത്തി പി എം കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം നൽകുക. ജില്ലാ കളക്ടർമാർ 101 കുട്ടികളുടെ വേരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
 

click me!