സെക്കണ്ടറി വിദ്യാഭ്യാസം: കാലത്തിനനുസരിച്ചുള്ള വഴക്കമുള്ള പാഠ്യപദ്ധതി അനിവാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി

Published : Oct 31, 2025, 09:21 PM IST
minister v sivankutty

Synopsis

മതേതരത്വം, സമത്വം, സാമുദായിക ഐക്യം തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ കേരളത്തിൻ്റെ മണ്ണിലാണ് വിപ്ലവകരമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പാക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അതിവേഗം മാറുന്ന കാലഘട്ടത്തിനനുസരിച്ച്, പ്രത്യേകിച്ചും സെക്കണ്ടറി തലത്തിൽ, നിരന്തരം പുതുക്കപ്പെടുന്നതും വഴക്കമുള്ളതുമായ ഒരു പാഠ്യപദ്ധതി സമീപനത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സെക്കണ്ടറി വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും ഭാവിയും ചർച്ച ചെയ്യുന്ന യുണിസെഫ് റീജിയണൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മതേതരത്വം, സമത്വം, സാമുദായിക ഐക്യം തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ കേരളത്തിൻ്റെ മണ്ണിലാണ് വിപ്ലവകരമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പാക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ മേഖലകളിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ കേരളം മുന്നേറി. 1957-ൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കിയ കേരളം, 1991-ൽ സമ്പൂർണ്ണ സാക്ഷരതയും കൈവരിച്ചു. കേരളത്തിൻ്റെ ഇന്നോളമുള്ള എല്ലാ മുന്നേറ്റങ്ങളുടെയും അടിസ്ഥാനം ഈ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ചയാണ്. കഴിഞ്ഞ 9 വർഷത്തിനിടെ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കിയ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' ഇതിന് തെളിവാണ്. 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇതിലൂടെ നടപ്പിലാക്കിയത്. 973 പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുകയും 55,000-ലധികം ക്ലാസ് മുറികൾ ഹൈടെക്ക് ആക്കി മാറ്റുകയും ചെയ്തു.

ഈ ഭൗതിക സൗകര്യ വികസനം അക്കാദമിക് രംഗത്തും പ്രതിഫലിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ 'പരാഖ് രാഷ്ട്രീയ സർവേ 2024' ലെ മുന്നേറ്റം ഇതിന് ഉദാഹരണമാണ്. 'സമഗ്ര പോർട്ടൽ', എ.ഐ. പരിശീലനം, കുട്ടികളുടെ ഐ.ടി. ക്ലബുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനും സംസ്ഥാനം പ്രാധാന്യം നൽകുന്നു.

അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യം, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം, അവസരസമത്വം, ലിംഗാവബോധം, പാരിസ്ഥിതികാവബോധം എന്നിവ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിൻ്റെ ഭാഗമായുള്ള പാഠ്യപദ്ധതി പരിഷ്കരണം അവസാന ഘട്ടത്തിലാണ്. 1 മുതൽ 10 വരെ ക്ലാസുകളിലെ പുസ്തകങ്ങൾ പരിഷ്കരിച്ചു കഴിഞ്ഞു, 11, 12 ക്ലാസുകളിലെ പരിഷ്കരണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സംസ്ഥാനം കേരളമാണ് (73%). പൊതുവിദ്യാലയങ്ങളുടെ മികവുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിക്കുന്നത്.

ഒരു വ്യക്തിയുടെ ഏറ്റവും സർഗ്ഗാത്മകമായ കൗമാരകാലഘട്ടത്തിലെ വിദ്യാഭ്യാസമായതിനാൽ സെക്കണ്ടറിതലം സവിശേഷ പരിഗണന അർഹിക്കുന്നു. അതിവേഗം മാറുന്ന സാങ്കേതിക സാഹചര്യങ്ങളും വിശാലമായ ലോകക്രമവും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ഈ കുട്ടികളെയാണ്. അതിനാൽ, അഞ്ച് വർഷത്തിലൊരിക്കൽ എന്നതിന് പകരം, ഒരുപക്ഷേ എല്ലാ വർഷവും പുതുക്കേണ്ടിവരുന്ന ഒരു പാഠ്യപദ്ധതി സമീപനമായിരിക്കും അഭികാമ്യമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ധീരജ് സാഹു ഐ എ എസ്, സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്‌ ഐ എ എസ്, വിവിധ വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ