
തൃശ്ശൂർ: യൂത്ത് കോണ്‍ഗ്ര് പ്രാദേശിക നേതാവ് വി.എസ് സുജിത്തിനെ കുന്നംകുളം സ്റ്റേഷനിൽ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. രണ്ടാഴ്ചയ്ക്കം വിശദമായ റിപ്പോര്‍ട്ട് നൽകാൻ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നൽകി. കൈക്കൊണ്ട നടപടികള്‍ കമ്മീഷനെ അറിയിക്കാനാണ് നിര്‍ദ്ദേശം. മുന്‍ കെപിസിസി പ്രസിഡന്‍റ് വി. എം സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെടൽ.
യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് 2023 ഏപ്രിൽ അഞ്ചിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രണ്ടു കൊല്ലം പൊലീസ് പൂഴ്ത്തിവെച്ച സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പ്രകാരം നല്‍കേണ്ടിവന്നപ്പോള്‍ പുറത്തുവന്നത് സ്റ്റേഷനില്‍ അരങ്ങേറിയ ക്രൂരതയുടെ നേര്‍ ചിത്രമാണ്. മര്‍ദ്ദനത്തില്‍ സുജിത്തിന് കേള്‍വിശക്തി നഷ്ടമായിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ സുഹ്മാന്‍, സിപിഒ മാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചത്.
ചൊവ്വല്ലൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പൊലീസ് സംഘം മർദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെ സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചു. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെ എന്ന് കണ്ടെത്തിയുതോടെ കോടതി ജാമ്യം അനുവദിച്ചു. പിന്നീട് നടത്തിയ വിശദപരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന് കേള്‍വിക്ക് തകരാറുണ്ടെന്ന് കണ്ടെത്തി.