
കോഴിക്കോട്: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ്ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ചടങ്ങുകള്‍.
മനുഷ്യരാശി ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് ത്യാഗസ്മരണകളുയര്‍ത്തി ഈ വര്‍ഷത്തെ ബലിപെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മപുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകം കൂടിയാണ് ബലിപെരുന്നാള്‍.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പളളികളികളിലും ഇക്കുറി ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. നമസ്കാരം നടന്ന പളളികളിലാകട്ടെ സമൂഹ്യ അകലം പാലിച്ചായിരുന്നു ചടങ്ങുകള്‍. തെര്‍മല്‍ സ്ക്രീനിംഗും സാനിറ്റൈസറുമടക്കം പള്ളികളില്‍ ഒരുക്കിയിരുന്നു.
ഭൂരിഭാഗം വിശ്വാസികളും വീടുകളില്‍ തന്നെ പെരുന്നാള്‍ നമസ്കാരം നടത്തി. കൊവിഡ് കാലത്ത് മത വിശ്വാസികൾക്ക് പ്രത്യേക ദൗത്യം നിർവഹിക്കാനുണ്ടെന്ന് പാളയം ഇമാം സുഹൈബ് മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട് പന്നിയങ്കര ജുമാ മസ്ജിദില്‍ നടന്ന നമസ്കാര ചടങ്ങുകള്‍ക്ക് മുജിബ് റഹ്മാന്‍ ദാരിമി നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam