കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജമായി; ഫായിസിന് ഹൃദയാഭിവാദ്യവുമായി മുഖ്യമന്ത്രി

By Web TeamFirst Published Jul 30, 2020, 9:41 PM IST
Highlights

പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമായി-മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സമ്മാനമായി കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫായിസ് ഒരു മാതൃകയാണ് മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫായിസിന് മില്‍മ നല്‍കിയസമ്മാനത്തുകയിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മലപ്പുറം കളക്ടര്‍ അതേറ്റു വാങ്ങി. ബാക്കി തുക ഒരു നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് നല്‍കി. ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകര്‍ന്നത്. പ്രതീക്ഷയും ദയാാവായ്പുമാണ് നമ്മളെ നയിക്കേണ്ടത്. ഫായിസിനെയും കുഞ്ഞിനെ പിന്തുണച്ച രക്ഷിതാക്കളെയും ഹൃദയംഗമമായിഅഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എത്ര വലിയ പ്രശ്‌നത്തിന് നടുവിലും തളരാതെ മുന്നോട്ട് പോകാന്‍ സമൂഹത്തിന് ശുഭാപ്തിവിശ്വാസം ഇന്ധനമാകണം. പ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ അതിജീവിക്കണം. ഈ ഉത്തരവാദിത്തം കുഞ്ഞുങ്ങള്‍ ഏറ്റെടുക്കുന്നു. അതിലെ സന്തോഷം അനിര്‍വചനീയം. മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്റെവാക്കുകള്‍ നമ്മള്‍ സ്വീകരിച്ച് ഹൃദയത്തോട് ചേര്‍ത്തില്ലേ?പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമായി-മുഖ്യമന്ത്രി പറഞ്ഞു. 

കടലാസ് പൂ നിര്‍മ്മിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ പൂ നിര്‍മാണം ശരിയാകാത്തതിനെ തുടര്‍ന്ന് ഫായിസ് പറഞ്ഞ വാക്കുകള്‍ കേരളം ഏറ്റെടുത്തിരുന്നു. ചെലോല്‍ത് ശര്യാകും, ചെലോല്‍ത് ശര്യാകില്ല, എന്റേത് ശര്യായില്ല, എനക്കൊരു കൊയപ്പോല്ല എന്നായിരുന്നു ഫായിസ് പറഞ്ഞത്. ഫായിസിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വാക്കുകള്‍ മില്‍മ പോസ്റ്ററില്‍ ഉപയോഗിച്ചതോടെ ഫായിസിന് റോയല്‍റ്റി നല്‍കണമെന്ന് ആവശ്യമുയര്‍ന്നതോടെ, മില്‍മ ഫായിസിന് സമ്മാനതുകയും ടിവിയും നല്‍കിയിരുന്നു.
 

click me!