
ദില്ലി: വോട്ടർപട്ടിക ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന്. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും അംഗങ്ങളും വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദ്ദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ ശേഷമാണ് അന്തിമരൂപം നൽകുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. രാഹുൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമോയെന്നാണ് ആകാംക്ഷ.
രാഹുൽ ഗാന്ധി ബീഹാറിൽ യാത്ര തുടങ്ങുന്ന ഇന്നുതന്നെ കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചതാണ് നിർണായകം. നേരത്തെ വോട്ടർപട്ടികയിൽ അഞ്ചു ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നും കമ്മീഷന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
അതേസമയം വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കം. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്താകും എന്നതും കണ്ടറിയണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിനുള്ള മറുപടിയാകുമോ രാഹുലിന്‍റെ പ്രതികരണം എന്നറിയാനായി രാജ്യം ഉറ്റുനോക്കുമെന്നുറപ്പാണ്. സെപ്റ്റംബർ ഒന്നിന് പാറ്റ്നയിലാണ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ സമാപന റാലി നടക്കുക.
ഈ മാസം ഏഴാം തീയതിയാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പറയുകയും ചെയ്തതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് കാര്യമായ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അനൗദ്യോഗികമായാണ് കമ്മീഷൻ ഈ വിഷയങ്ങളിലെല്ലാം മറുപടി നൽകിക്കൊണ്ടിരുന്നത്. തെളിവുകളെല്ലാം കൈയിലുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധി പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടു നൽകാത്തത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നത്. താൻ ഒരു പൊതു പ്രവർത്തകനാണ്. തന്റെ വാക്കുകൾ ഡിക്ലറേഷൻ ആയി കണക്കാക്കുകയും അതിന്മേൽ കമ്മീഷൻ അന്വേഷണം നടത്തുകയുമാണ് വേണ്ടെതെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന നിലപാടായിരുന്നു പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam