
ദില്ലി:കർണ്ണാടകക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി ചർച്ച ചെയ്യുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്നത്. ലക്ഷദ്വീപ് എംപി മുഹമ്മ് ഫൈസലിനെ അയോഗ്യനാക്കിയ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരി പതിനെട്ടിനായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷൻ.
അടുത്ത മാസം പത്തിനു മുമ്പ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. ഇതിനൊപ്പം വയനാടും പ്രഖ്യാപിക്കാം എന്നാണ് ആലോചന. അപ്പോഴേക്കും സെഷൻസ് കോടതി രാഹുലിന് എന്തെങ്കിലും ഇളവ് നല്കുന്നുണ്ടോ എന്ന കാര്യവും വ്യക്തമാകും. സാധാരണ ഒരു മണ്ഡലത്തിൽ ഒഴിവു വന്നാൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടന്നാൽ മതി. അതായത് വയനാടിൻറെ കാര്യത്തിൽ സപ്തംബർ 22 വരെ സമയമുണ്ട്. പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ സമയം ഉള്ളപ്പോൾ ലോക്സഭ സീറ്റുകൾ മത്സരം നടത്താതെ ഒഴിച്ചിട്ട കീഴ്വഴക്കവുമുണ്ട്. ജോസ് കെ മാണി രാജ്യസഭയിലേക്ക് മാറിയ ശേഷം കോട്ടയം ഇങ്ങനെ ഒഴിച്ചിട്ടിരുന്നു. ഉപതെരഞ്ഞെടുപ്പ് നടത്തണം എന്ന നിലപാടിലാണ് ബജെപി എന്നാണ് സൂചന. കഴിഞ്ഞ തവണ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണ്എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ബിഡിജെഎസ് നേതാക്കൾ ബിജെപിയുമായുള്ള ചർച്ചകൾക്ക് ദില്ലിയിലുണ്ട്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു
തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് കമ്മീഷൻറെ നീക്കമെങ്കിൽ ഇതിനെതിരെ സുപ്രീംകോടതിയിൽ പോകാനാണ് കോൺഗ്രസിലെ ധാരണ. ആറുമാസത്തെ സമയം നിയമം നല്കുമ്പോൾ രാഹുൽ ഗാന്ധിയുടെ കേസിൽ മേൽക്കോടതി നടപടികൾക്കായി കാത്തിരിക്കണം എന്ന നിർദ്ദേശം ഉൾപ്പെടുത്തിയാകും കോൺഗ്രസ് ഹർജി നല്കുക.