
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന് വീണ്ടും യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിത്വം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്. സാധാരണ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റെ നെഞ്ചത്ത് ചവിട്ടിയുള്ള ഇത്തരത്തിലുള്ള തീരുമാനം അനുവദിക്കാൻ പാടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി പ്രവീൺ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസമാണ് തിരുവഞ്ചൂരിന്‍റെ മകന്‍ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചത്. അർജുൻ രാധാകൃഷ്ണനെ സംസ്ഥാന കമ്മറ്റി നിലവിൽ വന്നു മൂന്ന് വർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു പരിപാടിക്കും സംസ്ഥാന ഭാരവാഹിയായ ഞാൻ കണ്ടിട്ടില്ലെന്ന് പ്രവീണ്‍ തുറന്നടിച്ചു. ഒന്‍പത് വർഷമായി സമര രംഗത്ത് സജീവമായി നിൽക്കുന്ന ഒരു പ്രവർത്തകനും അര്‍ജുനെ കണ്ടതായി ഓർക്കുന്നില്ല. മറ്റൊരു നേതാവിന്റെ മകൻ അനിൽ ആന്‍റണി രാഹുല്‍ ഗാന്ധിയെ വരെ വിമര്‍ശിച്ച് രംഗത്ത് വന്നു. ഇങ്ങനെയുള്ള നിയമനങ്ങൾ അനുവദിക്കരുതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവീണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
യൂത്ത് കോൺഗ്രസ്സ് ദേശീയ മാധ്യമ കോർഡിനേറ്റർ ആയി കഴിഞ്ഞ ദിവസം നിയമിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയുടെ മകൻ അർജുൻ രാധാകൃഷ്ണനെ സംസ്ഥാന കമ്മറ്റി നിലവിൽ വന്നു 3 വർഷം കഴിഞ്ഞ ഇതുവരെ ഒരു പരിപാടിക്കും സംസ്ഥാന ഭാരവാഹിയായ ഞാൻ കണ്ടിട്ടില്ല. 9 വർഷമായി സമര രംഗത്ത് സജീവമായി നിൽക്കുന്ന ഒരു പ്രവർത്തകനും ടിയാനെ കണ്ടതായി ഓർക്കുന്നില്ല. മറ്റൊരു നേതാവിന്റെ മകൻ അനിൽ ആന്റണി ഈ സമൂഹത്തിൽ അദ്ദേഹം നേടിയതൊക്കെ കോണ്ഗ്രസ്സിന്റെ ചോറാണ് എന്ന് മറന്നിട്ടു ജനാധിപത്യത്തിന്റെ അവസാന പ്രതീക്ഷയായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ വരെ വിമർശിച്ചു രംഗത്ത് വന്നു. ഇങ്ങനെയുള്ള നിയമനങ്ങൾ അനുവദിക്കരുത് കഷ്ടപ്പാടും യാതനയും അനുഭവിക്കുന്ന സാധാരണ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റെ നെഞ്ചത്ത് ചവിട്ടിയുള്ള ഇത്തരത്തിലുള്ള തീരുമാനം അനുവദിക്കാൻ പാടില്ല ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.. തീരുമാനം പുനപരിശോധിക്കണം.
സംസ്ഥാനത്തുനിന്നുള്ള എതിർപ്പിനെ തുടർന്ന് രണ്ടുവർഷം മുമ്പ് അർജുന്റെ നിയമനം മരവിപ്പിച്ചിരുന്നു. 2021ല്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ മകൻ ഉൾപ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനമാണ് ദേശീയ നേതൃത്വം തടഞ്ഞത്. വീണ്ടും തയ്യാറാക്കിയ ഭാരവാഹി പട്ടികയിലാണ് അർജുൻ ഇടം പിടിച്ചത്. അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ആയിരുന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു. കേരളത്തിലെ വക്താവായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയർന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയായിരുന്നു ദേശീയ നേതൃത്വം ഇടപെട്ടത്.
Read More : 'രാഹുൽ ഗാന്ധിക്ക് വേണ്ടി സിപിഎം തെരുവിൽ പ്രതിഷേധിക്കും, ഉപതെരഞ്ഞെടുപ്പ് നേരിടാനും തയ്യാർ'; എംവി ഗോവിന്ദൻ