
ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം പന്ത്രണ്ടിന് സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തുന്നത്. 12 മുതൽ 15 വരെ സംഘം കേരളത്തിലുണ്ടാവും.
12ന് രാത്രി തിരുവനന്തപുരത്തെത്തുന്ന സംഘം 13ന് രാവിലെ 10ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും പൊലീസ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്പിമാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയം നടത്തും.
14ന് രാവിലെ 10 മണിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ചയുണ്ടാകും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് അഞ്ചുമണിക്ക് വാർത്താസമ്മേളനവും നടത്തും. 15ന് രാവിലെ കേന്ദ്ര സംഘം ഡൽഹിയിലേക്ക് മടങ്ങിപ്പോകും.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിൻ, ചന്ദ്രഭൂഷൺ കുമാർ, എ ഡി ജി ഷേയ്ഭാലി ബി. ശരൺ, ഡയറക്ടർ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എ കെ പാഠക് എന്നിവരും സംഘത്തിലുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam