തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി

By Web TeamFirst Published Mar 24, 2024, 1:43 PM IST
Highlights

കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇടതുസ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് തോമസ് ഐസക്കിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് എ സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഡോ.ടിഎം തോമസ് ഐസക് രംഗത്തെത്തി. കുടുംബശ്രീയുമായി പണ്ടുമുതലേ അടുപ്പമുണ്ടെന്നും കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീയോഗം നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും.  ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാൻ ആണ് യുഡിഎഫ് ശ്രമം. ജനകീയ പരിപാടികൾ യുഡിഎഫിനെ അലട്ടുകയാണ്.  വിശദീകരണ നോട്ടീസിന്  കളക്ടർക്ക് മറുപടി നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. അതേസമയം യുഡിഎഫിന്‍റെ ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചു. 

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും, ഇൻഫര്‍മേഷൻ ആന്‍റ് പബ്ലിക് റിലേഷൻ ഡയറക്ടര്‍ക്കുമെതിരെയും കോൺഗ്രസ് തെര‌ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടിയാണ് പരാതി. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നു എന്നാണ് കോൺഗ്രസ് പരാതിയില്‍ പറയുന്നത്. 

പള്ളിയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയവരിലേക്ക് കാർ ഇടിച്ചുകയറി; 3 വയസുള്ള കുട്ടി ഉൾപ്പെടെ 3 പേർക്ക് പരിക്ക്

click me!