
ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി, മാലിന്യരഹിതമായി തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടിംഗും നടത്തുന്നതിനായുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഹരിത ചട്ടം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഹരിത ചട്ടം നടപ്പിലാക്കുന്നത്. 2026 കേരള നിയമസഭ തിരഞ്ഞെടുപ്പ് പൂർണമായും ഹരിതചട്ടം (ഗ്രീൻ പ്രോട്ടോ കോൾ) പാലിച്ചുകൊണ്ട് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതു മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന എല്ലാപ്രചാരണ പരിപാടികളിലും ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്. ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിൽ ഏകദേശം 5,972 ടൺ അജൈവ മാലിന്യങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ‘ഗ്രീൻ അസംബ്ലി ഇലക്ഷൻ 2026’ എന്ന ലഘുലേഖയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇതിൽ 2,150 ടൺ ബാനറുകളും ഹോർഡിംഗുകളും, 980 ടൺ കൊടികളും തോരണങ്ങളും, 1,416 ടൺ ഡിസ്പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ, നിരോധിത പ്ലാസ്റ്റിക് സാഷെകൾ എന്നിവയും ഉൾപ്പെടുന്നു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ 140 നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം 2,100 സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.
ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടർമാരുടെ എണ്ണം 1,200 ആയി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരിമിതപ്പെടുത്തിയതോടെ, ഇത്തവണ കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഫെബ്രുവരിയിൽ വിശദമായ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
പ്രചാരണ വേളയിലും തിരഞ്ഞെടുപ്പ് നടത്തിപ്പിലും പ്ലാസ്റ്റിക്, പോളി വിനൈൽ ക്ലോറൈഡ് (PVC), ഡിസ്പോസിബിൾ വസ്തുക്കൾ എന്നിവ ഒഴിവാക്കാൻ സ്ഥാനാർത്ഥികളോടും രാഷ്ട്രീയ പാർട്ടികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പുനരുപയോഗിക്കാൻ കഴിയാത്ത പിവിസി ഫ്ലെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് പൊതിഞ്ഞ തുണി എന്നിവ ഉപയോഗിച്ചുള്ള പോസ്റ്ററുകൾ, ബാനറുകൾ, ഹോർഡിംഗുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
100% കോട്ടൺ, പ്ലാസ്റ്റിക് രഹിത പേപ്പർ അല്ലെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് (PCB) അംഗീകരിച്ച പുനരുപയോഗിക്കാവുന്ന പോളിയെത്തിലീൻ എന്നിവ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം. എന്നാൽ ഇത്തരം സാമഗ്രികളിൽ 'പിവിസി രഹിതം' (PVC-free) എന്ന ലേബൽ, റീസൈക്കിൾ ലോഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ വിവരങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് നമ്പർ/ക്യുആർ കോഡ് എന്നിവ ഉണ്ടായിരിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam