Latest Videos

സീറ്റ് വിഭജന ചർച്ചകളിലേക്ക് മുന്നണികൾ; രാഹുൽ ഗാന്ധി കേരളത്തിൽ, ഇടത് മുന്നണിയോഗവും ഇന്ന്

By Web TeamFirst Published Jan 27, 2021, 7:34 AM IST
Highlights

എൻസിപിക്കുളളിലും ഭിന്നത നിലനിൽക്കെ ടി പി പീതാംബരനും, മാണി സി കാപ്പനും ഒപ്പം എ കെ ശശീന്ദ്രനും ഇന്നത്തെ ഇടത് മുന്നണി യോഗത്തിൽ പങ്കെടുക്കും. 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് മുന്നണികൾ. എൽഡിഎഫ് യോഗം ഇന്ന് എകെജി സെൻ്ററിൽ ചേരും. പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കവും ആശയക്കുഴപ്പങ്ങളും തുടരുമ്പോൾ മുന്നണി നിലപാട് എൻസിപി യോഗത്തിൽ ആവശ്യപ്പെടും.

എൻസിപിക്കുളളിലും ഭിന്നത നിലനിൽക്കെ ടി പി പീതാംബരനും, മാണി സി കാപ്പനും ഒപ്പം എ കെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കും. സീറ്റ് ചർച്ച അജണ്ടയിൽ ഉൾപ്പെടുത്താതെ എൽഡിഎഫ് ജാഥ,  പ്രകടനപത്രിക എന്നിവയിൽ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം. എൻസിപി സമ്മർദ്ദത്തിൽ പാലാ സീറ്റ് ചർച്ച ചെയ്താൽ സിപിഐ നിലപാടും നിർണ്ണായകമാകും 

യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകളും പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും, കോൺഗ്രസ് - ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി അവിടെ വച്ചായിരിക്കും കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുക. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ എന്നിവർ രാഹുൽ ഗാസിയുമായി കൂടിക്കാഴ്ച്ച നടത്തും. 

പിന്നീട് വണ്ടൂർ ,നിലമ്പൂർ നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. വൈകിട്ട് അദ്ദേഹം വയനാട്ടിലേക്ക് പോകും.

click me!