പാലക്കാട്ട് ആന ചരിഞ്ഞ സംഭവം; മുഖ്യപ്രതികൾക്കായി തിരച്ചിൽ തുടരുന്നു

By Web TeamFirst Published Jun 6, 2020, 9:26 AM IST
Highlights

തേങ്ങയിൽ പന്നി പടക്കം ഒളിപ്പിച്ച് കാട്ടിൽ വെച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ എടവണ്ണ സ്വദേശി വിൽസൻ ഇവരുടെ മുഖ്യ സഹായിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

പാലക്കാട്: പാലക്കാട് തിരുവിഴാംകുന്ന അമ്പല പാറയിൽ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികൾക്കായി തിരച്ചിൽ തുടരുന്നു. തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കായാണ് വനംവകുപ്പും പൊലീസും തിരച്ചിൽ നടത്തുന്നത്. 

തേങ്ങയിൽ പന്നി പടക്കം ഒളിപ്പിച്ച് കാട്ടിൽ വെച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ എടവണ്ണ സ്വദേശി വിൽസൻ ഇവരുടെ മുഖ്യ സഹായിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുൻപും ഇവർ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇന്നലെ അറസ്റ്റിലായ എടവണ്ണ സ്വദേശി വിൽസനെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ മാസം 27 നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. എന്നാല്‍, സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയായിരുന്നു. വീര്യം കുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. 

സൈലന്‍റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയിൽ ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. 

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

click me!