കെഎസ്ആര്‍ടിസി ‍ഡിപ്പോകളില്‍ മദ്യവില്‍പ്പനശാല വരുമോ? എതിര്‍പ്പുമായി ജീവനക്കാര്‍, യാത്രക്കാരെ അകറ്റുമെന്ന് ആശങ്ക

By Web TeamFirst Published Sep 5, 2021, 3:39 PM IST
Highlights

കെഎസ്ആര്‍ടി ഡിപ്പോകളില്‍ ബവ്കോ ഔട്ലെറ്റ് തുടങ്ങാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള നീക്കത്തെച്ചൊല്ലി വിവാദം മുറുകുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാല തുടങ്ങാന്‍ ബവ്കോയെ ക്ഷണിച്ച ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നീക്കത്തോട് ചിയേഴ്സ് പറയാന്‍ ജീവനക്കാരുടെ സംഘടനകള്‍ തയ്യാറല്ല. മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ഇതില്‍ ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷന്‍ തന്ത്രപരമായ മൗനത്തിലാണ്. പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഫും എംപ്ളോയീസ് സംഘും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ സൌകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. കെഎസ്ആര്‍ടി ഡിപ്പോകളില്‍ ബവ്കോ ഔട്ലെറ്റ് തുടങ്ങാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം. കെഎസ്ആര്‍ടിസി ബവ്കോ സഹകരണത്തെ പിന്തുണച്ച് മുന്‍ ഗതാഗതമന്ത്രി കൂടിയായ ഗണേഷ്കുമാര്‍ രംഗത്തെത്തി. പ്രതിസന്ധി കാലത്ത് ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ അധിക്ഷേപിക്കരുതെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ മദ്യനയം കോടതി പുനപരിശോധിക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഡിപ്പോകളില്‍ മദ്യ വില്‍പ്പന ശാല തുടങ്ങാനുള്ള സാധ്യതയും സൗകര്യങ്ങളും സംബന്ധിച്ച്  ബവ്കോ വരുന്നയാഴ്ച പരിശോധന നടത്തും. ഇതിനു ശേഷം മാത്രം അന്തിമ തീരുമാനമെടുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!