
കാസർകോട്: എന്റോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്റോസൾഫാൻ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല ആത്മഹത്യ ചെയ്തത്. രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.
സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർ ഹോമിൽ അന്തേവാസിയായിരുന്നു കൊല്ലപ്പെട്ട രേഷ്മ. ഇന്നലെ രേഷ്മ അവിടേക്ക് തിരികെ പോകേണ്ടതായിരുന്നു. എന്നാൽ താൻ പോകില്ലെന്ന നിലപാടിലായിരുന്നു രേഷ്മയെന്നും പോകണമെന്ന നിർബന്ധമായിരുന്നു വിമലയ്‌ക്കെന്നുമാണ് വിവരം. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും വിമല തൂങ്ങിമരിച്ച നിലയിലുമായിരുന്നു. രേഷ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിമല തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെൺകുട്ടിയെ നടുറോഡിൽ മർദ്ദിച്ചു, മുടി മുറിച്ചു
ചാലക്കുടി: മേലൂരില്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മർദ്ദനമേറ്റെന്ന പരാതിയുമായി കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ മുടിയും മുറിച്ചു കളഞ്ഞു. കൂട്ടുകാരിയുടെ വീട്ടിൽ പുസ്തകം നൽകി തിരിച്ചു വരികയായിരുന്നു കുട്ടി. അക്രമികൾ ആരെന്ന് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മുഖം മറച്ചിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സുഹൃത്തും അമ്മയും ഓടി എത്തുകയായിരുന്നു. സംഭവത്തിൽ കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.