കെഎസ്ഇബി 2200 കോടി നഷ്ടത്തിൽ, ഒത്തൊരുമിച്ച് നിന്നാലേ മുന്നോട്ട് പോകാനാവൂ: വൈദ്യുതി മന്ത്രി

By Web TeamFirst Published Jun 18, 2021, 4:04 PM IST
Highlights

ഓരോ മാസം വരുന്ന യൂണിറ്റ് വിനിയോഗത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ബിൽ തുക ഈടാക്കുന്നത്. ഇതിൽ മറ്റു തരത്തിലുള്ള അധിക ചാ‍ർജുകളൊന്നും ഈടാക്കിയിട്ടില്ല.

തിരുവനന്തപുരം: 2200 കോടി രൂപയുടെ നഷ്ടത്തിലാണ് നിലവിൽ കെഎസ്ഇബി പ്രവർത്തിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. അസാധാരണ പ്രതിസന്ധിയാണ് ബോർഡ് നേരിടുന്നത്. എല്ലാവരും കൂടി ഒന്നിച്ചു നിന്നാൽ മാത്രമേ നിലവിലുള്ള നഷ്ടത്തിൽ നിന്നും ബോർഡിന് കര കയറാനാവൂവെന്നും കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കൃഷ്ണൻ കുട്ടി.  പരിപാടിക്കിടെ പൊതുജനങ്ങളുടെ വിവിധ സംശയങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു. 

വൈദ്യുതി മന്ത്രിയുടെ വാക്കുകൾ -

ഓരോ മാസം വരുന്ന യൂണിറ്റ് വിനിയോഗത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ബിൽ തുക ഈടാക്കുന്നത്. ഇതിൽ മറ്റു തരത്തിലുള്ള അധിക ചാ‍ർജുകളൊന്നും ഈടാക്കിയിട്ടില്ല. ബില്ലിൽ എല്ലാവർക്കും ഇളവ് നൽകുക എന്നത് പ്രയാസകരമായ കാര്യമാണ്. ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടാൻ ഇതുവരേയും കേരളത്തിനായിട്ടില്ല. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കാൻ കെഎസ്ഇബി ഒരു പദ്ധതി മുന്നോട്ട് വച്ചാൽ പ്രകൃതി സ്നേഹികൾ ബഹളം ഉണ്ടാക്കി അത് നിർത്തുന്ന അവസ്ഥയാണുള്ളത്.

പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില കൂടുതലാണ്. വൈദ്യുതി നിരക്ക് കുറയ്ക്കാനോ അല്ലെങ്കിൽ എന്തെങ്കിലും ഇളവുകൾ നൽകണമെങ്കിലോ കുറഞ്ഞ വിലയിൽ വൈദ്യുതി ഉത്പാദിപ്പിക്കുക മാത്രമാണ് പരിഹാരം. അതിരപ്പള്ളി പദ്ധതി വിവാദമായി തുടരുകയാണ് ഇപ്പോഴും. പ്രതിസന്ധികൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ പതിനഞ്ച് ഹൈഡ്രൽ പ്രോജക്ടുകളുടെ പണി പൂർത്തിയാകാൻ ആയിട്ടുണ്ട്. കൂടുതൽ വൈദ്യുതി പദ്ധതികൾ പൂർത്തിയാക്കാൻ ശക്തമായ നടപടി സ്വീകരിക്കും. സ്മാർട്ട് റീഡിങ് വച്ച് യൂണിറ്റ് റീഡിങ്ങിലെ അപാകതകൾ പരിഹരിക്കാനും ശ്രമിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!