
കൊച്ചി: കോതമംഗലത്തെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനി ആൻ മേരിയുടെ മൃതദേഹം സ്വദേശമായ തൃശൂർ പുതുക്കാടേക്ക് കൊണ്ടുപോയി. കളമശേരി മെഡിക്കൽ കോളജാശുപത്രിയിൽ പതിനൊന്നരയോടെയാണ് പോസ്റ്റ്‍മോർട്ടം പൂർത്തിയായത്. മന്ത്രി പി രാജീവ്, കോതമംഗലം എം എൽഎ ആന്‍റണി ജോണ തുടങ്ങിയവർ എത്തി അന്തിമോപചാരം അർപ്പിച്ചു. ആൻ മേരിയുടെ സഹപാഠികളും അധ്യാപകരും ഇവിടെയെത്തിയിരുന്നു.
അത്യന്തം ദാരുണമായ അപകടമായിരുന്നു ഇന്നലെ സന്ധ്യക്ക് കോതമംഗലം നീണ്ടപാറയിലെ സംസ്ഥാന പാതയിൽ നടന്നത്. ആന മറച്ചിട്ട പന പൊടുന്നനെയാണ് വിദ്യാർത്ഥികൾക്കുമേൽ പതിച്ചത്. നാട്ടുകാർ ഓടികൂടിയപ്പോഴും രണ്ട് ആനകൾ സ്ഥലത്ത് തമ്പടിച്ചിരുന്നു. ആന ശല്യം രൂക്ഷമായതിനാൽ പ്രദേശത്ത് ജനജീവിതം ദുസഹമാണ്.
അൽത്താഫായിരുന്നു ബൈക്ക് ഓടിച്ചത്. ആൻ മേരി പിൻ സീറ്റിലായിരുന്നു. ആന തള്ളിയിട്ട പന പൊട്ടി വീണത് നേരെ ആൻ മേരിയുടെ ദേഹത്തെക്കായിരുന്നു. അൽത്താഫും തെറിച്ചു വീണു. നിയന്ത്രണം വിട്ട ബൈക്ക് 25 മീറ്ററോളം മുന്നോട്ട് പോയി കുഴിയിലേക്ക് പതിച്ചു. അപകടം നടന്നതിന് തൊട്ടടുത്താണ് ചെമ്പൻകുഴി ഫോറെസ്റ്റ് സ്റ്റേഷൻ. വനപാലകരും സ്ഥലത്ത് എത്തി. ആനകളെ കാട്ടിലേക്ക് തുരത്തി . വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആദ്യം നേര്യമംഗലത്തും പിന്നീട് കോതമഗലത്തും എത്തിച്ചെങ്കിലും ആൻ മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ പൊട്ടിയ അൽത്താഫിനെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. റോഡിനോട് ചേർന്ന് നിരവധി വീടുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ദാരുണാമായ സംഭവം നടന്നത്. ഇത്രവലിയ അപകടമുണ്ടായിട്ടും വനം വകുപ്പ് പതിവ് അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ച് നാട്ടുകാർ വനം വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ കാട്ടാന പന മറിച്ചിട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam