അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച: ജി സുധാകരനെതിരെ അന്വേഷണം, എളമരം കരീമും കെ ജെ തോമസും 25 ന് ആലപ്പുഴയിൽ

By Web TeamFirst Published Jul 18, 2021, 7:59 PM IST
Highlights

പാർട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരൻ എന്നിവരോട് വിശദീകരണം തേടാൻ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 

ആലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരായ അന്വേഷണത്തിന് സിപിഎം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി. സുധാകരന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാൻ സംസ്ഥാന കമ്മിറ്റി രണ്ടംഗം കമ്മീഷനെ നിയോഗിച്ചതിന് ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. എളമരം കരീമും കെ ജെ തോമസും ഈ മാസം 25 ന് ആലപ്പുഴയിൽ എത്തി അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ അന്വേഷണം തുടങ്ങും. 

സുധാകര അനുകൂലികളായ കെ. രാഘവന്‍, കെ. പ്രസാദ് ഉൾപ്പെടെ അഞ്ച് പേര്‍  മാത്രം കമ്മീഷനെ വച്ചതിനെ എതിർത്തപ്പോൾ,  മറ്റ് 35 പേരും അന്വേഷണം സ്വാഗതം ചെയ്തു. മുൻപ് ജില്ലാ കമ്മിറ്റികളിൽ ഉയര്‍ന്ന രൂക്ഷ വിമർശനങ്ങളിലും തനിക്ക് എതിരായ അന്വേഷണത്തിലും ജി. സുധാകരൻ ഒരു മറുപടിയും നൽകിയില്ല. എന്നാൽ തെരഞ്ഞെടുപ്പ് വീഴ്ചകളെ കുറിച്ച് അന്വേഷിക്കാൻ എളമരം കരീമും കെ.ജെ. തോമസും ജില്ലയിലെത്തുമ്പോൾ താൻ ഉന്നയിച്ച പാര്‍ട്ടിക്കുള്ളിലെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന്‍റെ തെളിവുകൾ നൽകാനാണ് അദ്ദേഹത്തിന്‍റെ നീക്കം.

 ജി സുധാകരന് പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും പ്രതിരോധത്തിലാക്കുകയാണ് എതിര്‍ വിഭാഗം. പാർട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരൻ എന്നിവരോട് വിശദീകരണം തേടാൻ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇവർ കുറ്റക്കാരാണെന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ജി സുധാകരൻ അനുകൂലികളായ നേതാക്കൾ ആണ് ഇവർ. 

പാര്‍ട്ടി നിയന്ത്രണത്തിലുള്ള പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ സുധാകര അനുകൂലികളായ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ മനോഹരൻ, രഘു എന്നിവര്‍ക്കെതിരെ രണ്ട് വര്‍ഷം മുൻപ് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ നേതൃത്വം കമ്മീഷനെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ മെല്ലപ്പോക്കായിരുന്നു. ഔദ്യോഗിക നേതൃത്വത്തിൽ സമ്മര്‍ദ്ദം ചെലുത്തി സുധാകരവിരുദ്ധ ചേരി അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോൾ വേഗത്തിൽ ജില്ലാ കമ്മിറ്റിക്ക് മുന്നിലെത്തിച്ചു. അതോടെയാണ് കെ. രാഘവൻ അടക്കം നേതാക്കൾ കുറ്റക്കാരാണെന്ന കണ്ടെത്തൽ അംഗീകരിച്ച് ശേഷം വിശദീകരണം തേടാൻ ജില്ലാ കമ്മിറ്റിയിൽ തീരുമാനമുണ്ടായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!