'ഞാൻ പങ്കെടുക്കാത്ത സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് വിഷയം ആദ്യം ചർച്ച ചെയ്തത്', എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ആത്മകഥയിൽ ഇപിക്ക് അതൃപ്തി

Published : Nov 03, 2025, 10:04 PM IST
ep jayarajan

Synopsis

എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പരിഭവം ഇ പി ജയരാജൻ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. തന്‍റെ പ്രയാസം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചിരുന്നതായും ഇ പി ജയരാജൻ ആത്മകഥയിൽ കുറിച്ചിട്ടുണ്ട്

കണ്ണൂർ: എൽ ഡി എഫ് സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തിയടക്കം തുറന്നു പറയുന്നതാണ് സി പി എം നേതാവ് ഇ പി ജയരാജന്റെ ഇന്ന് പ്രകാശനം ചെയ്ത ആത്മകഥയായ 'ഇതാണെന്റെ ജീവിതം'. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പരിഭവം ഇ പി ജയരാജൻ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. താൻ പങ്കെടുക്കാത്ത സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് വിഷയം ആദ്യം ചർച്ച ചെയ്തത്. ഇക്കാര്യത്തിലടക്കം തനിക്ക് നേതൃത്വത്തോട് പരിഭവമുണ്ട്. തന്‍റെ പ്രയാസം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചിരുന്നതായും ഇ പി ജയരാജൻ ആത്മകഥയിൽ കുറിച്ചിട്ടുണ്ട്. കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തോട് ആത്മകഥയിൽ അമർഷം പ്രകടിപ്പിച്ചിരുന്നതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

വൈദേകം വിവാദത്തിൽ അമർഷം

പാർട്ടി നേതൃത്വത്തോടുള്ള അമർഷമടക്കം തുറന്നുകാട്ടുന്നതാണ് സി പി എം നേതാവ് ഇ പി ജയരാജന്റെ ഇന്ന് പ്രകാശനം ചെയ്ത ആത്മകഥയായ 'ഇതാണെന്റെ ജീവിതം'. കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇ പി, പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്. വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്‍റെ അമർഷം വ്യക്തമാക്കിയിട്ടുള്ളത്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും 'ഇതാണെന്റെ ജീവിതം' പറയുന്നു. വലിയ അഴിമതി ആരോപണമായി മാധ്യമ വാർത്തകൾ വന്നപ്പോൾ നേതൃത്വം വ്യക്തത വരുത്താത്തതിലെ അമർഷവും ഇ പി 'ഇതാണെന്റെ ജീവിത'ത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവർ നേരത്തെ വിശദീകരണം നൽകിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നുവെന്നും അദ്ദേഹം ആത്മകഥയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടായില്ല. അതുകൊണ്ടാണ് അഴിമതി ആരോപണമായി 'വൈദേകം' വിവാദം നിലനിന്നതെന്നും ഇ പി ജയരാജൻ ആത്മകഥയിൽ വിവരിച്ചു.

പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ഇ പി ജയരാജനെ പുകഴ്ത്തിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 'ഇതാണെന്റെ ജീവിതം' പ്രകാശനം‌ ചെയ്തത്. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വസ്തുതാപരമായ ആവിഷ്കാരത്തിനു പ്രസക്തി ഉണ്ട്. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് പുസ്തകമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ പി സ്വീകരിച്ചത്. കൊല്ലാനുദ്ദേശിച്ചായിരുന്നു ജയരാജന് നേരെയുണ്ടായ വെടിവെപ്പ്. വെടിയുണ്ടയുടെ അംശങ്ങൾ ഇപ്പോഴും കഴുത്തിൽ പേറി കൊണ്ടാണ് ജയരാജൻ ജീവിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇ പിക്കെതിരെ അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് പ്രചരണങ്ങളുണ്ടായി. പല തരത്തിലുള്ള ദുരാരോപണങ്ങൾ നേരിടേണ്ടി വന്നു. കാലത്തിനൊപ്പം മാറണമെന്ന് പറഞ്ഞ ജയരാജനെ കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ പലരും പരിഹസിച്ചു. ഇ പി ജയരാജനെതിരെ വധശ്രമവും വ്യക്തിഹത്യയും ഉണ്ടായി. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. വധശ്രമക്കേസിൽ മുന്നോട്ട് പോകാൻ ജയരാജൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കണ്ണൂരിൽ നടന്ന ഇ പിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പി ജയരാജൻ പങ്കെടുത്തിരുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു