
തിരുവനന്തപുരം: ജാവദേക്കർ-ഇപി ജയരാജൻ കൂടിക്കാഴ്ച വിവാദം ശക്തമാകുന്നതിൽ ബിജെപിയിൽ ഒരു വിഭാഗത്തിന് അമർഷം. മറ്റ് പാർട്ടിയിലെ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ പുറത്തുവരുന്നതിലാണ് അതൃപ്തി. രഹസ്യ ചർച്ചയുടെ വിവരങ്ങളുടെ വെളിപ്പെടുത്തലോടെ ഇനിയാരെങ്കിലും ചർച്ചക്ക് തയ്യാറാകുമോ എന്നാണ് ചോദ്യം.
ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായി. കോൺഗ്രസ്സിലെയും സിപിഎമ്മിലെയും പല പ്രമുഖരും ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെയും ശക്തമായിരുന്നു. വൻതോക്കുകൾ എത്തുമെന്ന അവകാശവാദത്തിനിടെ അടുത്തിടെ എത്തിയത് പത്മജ വേണുഗോപാലും അനിൽ ആൻ്റണിയുമാണ്. വന്ന നേതാക്കളെക്കാൾ വലിയ ചർച്ചയായത് ഇപി-ജാവദേക്കർ കൂടിക്കാഴ്ചയാണ്.
ശോഭയെയും അനിൽ ആൻ്റണിയെയും ലക്ഷ്യമിട്ടുള്ള ദല്ലാൾ നന്ദകുമാറിൻ്റെ ആരോപണം ശോഭ സുരേന്ദ്രനാണ് മെല്ലെ ഇപിയിലേക്ക് തിരിച്ചുവിട്ടത്. ആദ്യം സസ്പെൻസ് ഇട്ട് പിന്നെ ഇപിയുടെ പേര് ശോഭാ പറഞ്ഞതോടെ കളിമാറി. കെ. സുരേന്ദ്രനും ചർച്ച സമ്മതിച്ച് രംഗത്തെത്തി. കൂടിക്കാഴ്ചയിൽ ഇപിയുടെ വെളിപ്പെടുത്തൽ വഴി സിപിഎം കടുത്തവെട്ടിലായി. പക്ഷെ ബിജെപിയിലുമുണ്ട് പ്രശ്നങ്ങള്‍. ആളെയെതിതിക്കാൻ സമിതി, വൻതുക ചോദിച്ച് ഇടനിലക്കാർ തുടങ്ങിയ വിവരങ്ങൾ പാർട്ടിക്ക് നേട്ടമല്ല, ദോഷമാണെന്ന വാദിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. പാർട്ടിയുടെ പ്രതിച്ഛായക്ക് ദേശീയതലത്തിൽ ഇടിവുണ്ടാക്കിയെന്നാണ് വിമർശനം.
അതിനപ്പുറം ഇനിയാരെങ്കിലും ചർച്ചക്ക് തയ്യാറാകുമോ എന്ന പ്രശ്നവും ബാക്കി. ചർച്ച നടത്തിയവർ തന്നെ എല്ലാം തുറന്നുപറയുന്നതിലെ വിശ്യാസ്യതാപ്രശ്നവും വിമർശകർ ഉന്നയിക്കുന്നു. എന്നാൽ കേരളത്തിൽ എതിർചേരിയിലെ പ്രമുഖർ വരാൻ തയ്യാറായെന്ന വിവരം നല്ല മാറ്റത്തിൻ്റെ സൂചനയല്ലേ എന്നാണ് നേതൃത്വത്തിൻ്റെ ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam