
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ മൈക്കിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിൽ പരിഹാസവുമായി ഇപി ജയരാജൻ. അടി നടക്കാത്തത് ഭാഗ്യമെന്ന് വീഡിയോ കണ്ടപ്പോൾ തോന്നി. ഇപ്പോൾ മൈക്കിന് വേണ്ടിയാണ് പിടിവലി. ഇനി എന്തിനെല്ലാം വേണ്ടി അടികൂടുമെന്ന് ആർക്കറിയാമെന്നും ഇടതുമുന്നണി കൺവീനർ പരിഹാസ രൂപേണ ചോദിച്ചു. മുന്നണി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭ പുനഃസംഘടന എൽഡിഎഫ് ആലോചിച്ചിട്ടില്ലെന്ന് ഇപി വ്യക്തമാക്കി. എന്നാൽ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിയിലെ കക്ഷികൾക്ക് നൽകിയിരുന്ന ഉറപ്പ് പാലിക്കും. എൽജെഡിയുടെ മന്ത്രിസ്ഥാനം എന്ന ആവശ്യം സംബന്ധിച്ച ചോദ്യത്തിന് മന്ത്രിസ്ഥാനം ആർക്കും ആഗ്രഹിക്കാമെന്നും അതിൽ തെറ്റൊന്നുമില്ലെന്നും ഇപി പറഞ്ഞു. കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനം ചോദിച്ച് കത്ത് നൽകിയിരുന്നു, കാര്യങ്ങൾ സംസാരിച്ചത് കോവൂർ കുഞ്ഞുമോനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ‌്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതൽ പ്രവർത്തനം വേണമെന്ന് ഇന്ന് ചേർന്ന മുന്നണി യോഗം വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങളിലേക്ക് പോകും. ജനകീയ സംവാദം ആണ് ലക്ഷ്യമിടുന്നത്. നിലവിലെ പദ്ധതി വിശദീകരണവും ഭാവിയിലേക്കുള്ള അഭിപ്രായ രൂപീകരണവും ലക്ഷ്യമിട്ട് ജനകീയ സദസ് സംഘടിപ്പിക്കാനാണ് ഇതെന്നും കൺവീനർ ഇപി ജയരാജൻ വ്യക്തമാക്കി. ബൂത്ത് അടിസ്ഥാനത്തിൽ എൽഡിഎഫ് ഇതിനായി സംഘാടക സമിതികൾ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ജില്ലാ കമ്മിറ്റികൾ ഈ മാസം തന്നെ ചേരും. മഞ്ചേശ്വരത്ത് നിന്ന് തുടങ്ങുന്ന ജനകീയ സദസ് തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുക.
ജനസമ്പർക്ക പരിപാടിയെ എതിർത്തത് അന്നത്തെ രാഷ്ട്രീയ നിലപാട് കൊണ്ടാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ഓരോ കാലഘട്ടത്തിൽ എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമായിരിക്കും. ജനങ്ങളിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തിൽ പുതുപ്പള്ളി ഫലം സ്വാധീനിച്ചിട്ടില്ല. 140 മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. വിപുലമായ ജനകീയ സദസുകളാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala Bumper Lottery Result | Thiruvonam Bumper | Asianet News | Asianet News Live
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam