
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. സര്‍ക്കാരിനെയും സര്‍വകലാശാലയെയും പരിഹസിക്കുന്ന നടപടിയെന്ന് ജയരാജൻ പ്രതികരിച്ചു. പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ല. ഒരു സിലബസിലും ഇടതുപക്ഷ മുന്നണി ഇടപെടാറില്ലെന്നും ഇ പി വ്യക്തമാക്കി. ആരാണ് ഇത് ചെയ്തത് എന്ന് സര്‍വകലാശാല പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാരിനെയും യൂണിവേഴ്സിറ്റിയും പരിഹാസപ്പെടുത്താൻ ശ്രമിക്കുന്നത് തെറ്റാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഒന്നാം സെമസ്റ്ററിലെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപ്പറിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. സി കെ ജാനു, ബി ആർ അംബേദ്ക്കർ എന്നിവരുടെ ആത്മകഥകളും പാഠഭാഗത്തിലുണ്ട്. ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക്ക് കമ്മിറ്റിയാണ് സിലബസ് രൂപീകരിച്ചത്. സിലബസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. സിലബസ് രാഷ്ട്രീയ വത്കരിക്കാൻ ശ്രമം നടക്കുകയാണെന്നായിരുന്നു കെപിസിടിഎയുടെ ആരോപണം. അതേസമയം, ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്നായിരുന്നു കരിക്കുലം കമ്മിറ്റിയുടെ വിശദീകരണം.
Also Read: കെകെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല പിജി സിലബസിൽ ഉൾപ്പെടുത്തി
ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്നും പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കരിക്കുലം കമ്മിറ്റി കൺവീനർ പ്രതികരിച്ചു. 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന ആത്മകഥ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam