കെകെ ഷൈലജയുടെ ആത്മകഥയായ മൈ ലൈഫ് ആസ് എ കോമ്രേഡ് ആണ് സിലബസിൽ പാഠഭാഗമായി ഉൾപ്പെടുത്തിയത്
കണ്ണൂർ: മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയെന്ന് ആരോപണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന സിലബസിലാണ് കെകെ ഷൈലജയുടെ ആത്മകഥയായ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്നതും പാഠഭാഗമാക്കി ഉൾപ്പെടുത്തിയത്. സിലബസ് പ്രസിദ്ധീകരിക്കും മുൻപ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് കോൺഗ്രസ്സ് അനുകൂല അധ്യാപക സംഘടന പറഞ്ഞു.
ഔദ്യോഗികമായി പുറത്തിറങ്ങും മുൻപാണ് കണ്ണൂർ സർവകലാശാല പിജി സിലബസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഗ്രൂപ്പുകളിൽ സിലബസ് ഉപയോഗിച്ച് ക്ലാസ്സെടുക്കാനും നിർദേശം നൽകിയിരുന്നു. പിജി ക്ലാസുകള്‍ ആരംഭിച്ചിട്ടും സർവകലാശാല കോളേജുകള്‍ക്ക് സിലബസ് നൽകിയിരുന്നില്ല. സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റികളാണ് സിലബസ് തയ്യാറാക്കിയത്. സിലബസ് പുറത്തുവിട്ടത് സർവകലാശാലയുടെ അറിവോടെയല്ലെന്ന് രജിസ്ട്രാർ പറഞ്ഞു. സിലബസ് പ്രചരിപ്പിക്കാൻ ആർക്കും അനുവാദം നൽകിയില്ലെന്ന് കരികുലം കമ്മിറ്റി കൺവീനറും വ്യക്തമാക്കിയിട്ടുണ്ട്.
പിജി വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്ററിൽ ലൈഫ് റൈറ്റിങ് എന്ന വിഭാഗത്തിലാണ് ശൈലജയുടെ ആത്മകഥയുടെ ഒരു ഭാഗം ഉൾപ്പെടുത്തിയത്. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളുടെ സ്വജീവിതത്തെ കുറിച്ചുള്ള എഴുത്തുകൾ പരിചയപ്പെടുത്താനുള്ള ഈ പാഠഭാഗം വിദ്യാർത്ഥികൾ നിർബന്ധമായും പഠിക്കേണ്ട ഒന്നല്ല. ഇതിൽ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം കരിക്കുലം കമ്മിറ്റി കൺവീനറും പറയുന്നു. എന്നാൽ ശൈലജയുടെ ആത്മകഥാംശം ഉൾപ്പെടുത്തിയത് സിലബസിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ വിമർശനം.
