
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടർന്ന് പൊലീസുകാരെ മാറ്റിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാരെ തൊടാതെ പൊലീസ്. സ്റ്റേഷന് മുന്നിൽ പോർവിളി നടത്തിയ ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ നടപടിയില്ല. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ മാത്രം കേസെടുത്ത പൊലീസ് എഫ്ഐആർ പ്രസിദ്ധീകരിക്കാതെ മുക്കി.
ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാൻ നോട്ടീസ് നൽകിയിതിനായിരുന്നു പാർട്ടിക്കാർ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിലേക്ക് ഇരച്ചു കയറിയത്. നടുറോഡിൽ പൊലീസും പ്രവർത്തരുമായി കൈയാങ്കളിയും അസഭ്യവർഷവും വരെയുണ്ടായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി ജോയി പൊലീസ്റ്റ് സ്റ്റേഷനിലെത്തി പോർ വിളി നടത്തി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേതാക്കളെ അനുനയിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്.
പേട്ട പൊലീസ് സ്റ്റേഷനിലെ പോർവിളിയിൽ സിപിഎം നേതാക്കളെ തൊടാതെ പൊലീസ്
വാഹനപരിശോധനക്കിടെ എസ്ഐ അഭിലാഷും അസീമും ഡ്രൈവർ മിഥുനും മർദ്ദിച്ചുവെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പരാതി. പെറ്റി ചുമത്തിയ എസ്ഐമാരെ സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കി, ഡ്രൈവറെയും എആർ ക്യാമ്പിലേക്ക് മടക്കി. ഇതിന് പിന്നാലെ ഇവർക്കെതിരെ നാർക്കോട്ടിക് സെൽ അസിസ്റ്റ് കമ്മീഷണർ അന്വേഷണവും തുടങ്ങി. സ്റ്റേഷനുള്ളിൽ വച്ച് എസ്ഐ അഭിലാഷ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് കമ്മീഷണർക്ക് ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയിലും അന്വേഷണമുണ്ട്. ഉദ്യോഗസ്ഥർ മാറ്റി നിർത്തി അന്വേഷണം തുടങ്ങിയെങ്കിലും സ്റ്റേഷൻ കയറി അതിക്രമം നടത്തിയവർക്കെതിരെ നടപടിയില്ല. ജില്ലാ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെടക്കം സംഘർഷത്തിലുണ്ടായിട്ടും നിസാര വകുപ്പുകള്‍ ചുമത്തി, കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും സംഘർഷമുണ്ടായിട്ടില്ലെന്നാണ് കമ്മീഷണർ പറയുന്നത്.
പാർട്ടി നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി വിവാദം തീർക്കാനാണ് ശ്രമം. സംഘർഷത്തിലെടുത്ത എഫ്ഐആർ പ്രസിദ്ധീകരിക്കാതെ രഹസ്യമാക്കി വെച്ചു. അതേസമയം, ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സേനയ്ക്കുള്ളില്‍ വ്യാപക അമർഷമുണ്ട്. പേട്ട സ്റ്റേഷനിൽ തുടർച്ചയായി സിപിഎം നേതാക്കളുടെ ഭീഷണിയുണ്ടെന്നും ആക്ഷേപമുണ്ട്. രണ്ട് മാസം മുമ്പ് കസ്റ്റഡിലെടുത്ത പ്രവർത്തകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ ഉദ്യോഗസ്ഥരെ സ്റ്റേഷൻ കയറി ഭീഷണിപ്പെടുത്തിയിരുന്നു. തുടർച്ചയായുള്ള ശുപാർശകള്‍ എസ്ഐമാർ തള്ളികളയുന്നതിലുള്ള അമർഷമാണ് ആസൂത്രിത ആക്രമണത്തിനും വ്യാജ ആരോപണത്തിനും പിന്നിലെന്നാണ് സേനയിലെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam