
തിരുവനന്തപുരം: സിപിഎം സൈബര്‍ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ഇഎസ് സുഭാഷ്. പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ടീമുമായുള്ള സഹകരണം തുടരുമെന്നും മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ഇഎസ് സുഭാഷ് ഫേസ്ബുക്ക് പേജിൽ കുറിച്ചു. താൻ എവിടെയും പോയിട്ടില്ലെന്നും ദേശാഭിമാനിയിൽ ഉണ്ടായിരുന്നപ്പോഴും വിരമിച്ചശേഷവും സോഷ്യൽ മീഡിയയുമായി സഹകരിക്കാറുണ്ടെന്നും ഇഎസ് സുഭാഷ് കുറിച്ചു. വിരമിച്ചശേഷം ഇതിൽ കൂടുതലായി ഇടപെടുന്നുണ്ട്. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും തുടരുമെന്നും ഇഎസ് സുഭാഷ് പറഞ്ഞു.
എംവി നികേഷ് കുമാറിന്‍റെ ഏക പക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ് സിപിഎം സൈബർ സംഘത്തിൽ പൊട്ടിത്തെറിയുണ്ടായത്. ദേശാഭിമാനിയിലെ മുതിർന്ന മൂന്ന് മുൻ മാധ്യമപ്രവർത്തകർ സമൂഹമാധ്യമ ടീമിൽ നിന്ന് ഒഴിവായെന്നായിരുന്നുവെന്ന വാര്‍ത്ത. എംവി ഗോവിന്ദന്‍റെ പിന്തുണയോടെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സംവിധാനത്തിൽ മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയാണ്. എംവി ഗോവിന്ദന്‍റെ മേഖലാ യാത്രക്കിടെ പെൻഷൻ പിആർ പൊളിഞ്ഞ് വീണപ്പോള്‍ സിപിഎം സൈബര്‍ സംഘം വലിയ വിമര്‍ശനം നേരിട്ടിരുന്നു. ആ ക്ഷീണം മാറും മുൻപെ ഇരുണ്ട കാലം എന്ന പേരിൽ യുഡിഎഫിന്‍റെ അഴിമതി തുറന്ന് കാട്ടാൻ വെബ്സൈറ്റ് പുറത്തിറക്കി. എന്നാൽ, മകനേ മടങ്ങി വരല്ലേ എന്നെഴുതിയ പോസ്റ്ററിൽ അന്തരിച്ച ആര്യാടൻ മുഹമ്മദും ഇബ്രാഹിംകുഞ്ഞും ഉള്‍പ്പെട്ടതോടെ സിപിഎമ്മിന്‍റെ സൈബർ സംഘം വീണ്ടും എയറിലായി.
ഇതെല്ലാം സമീപ ദിവസങ്ങളിലെ സംഭവങ്ങളാണെങ്കിൽ സൈബർ സംഘം പോരെന്ന വിമർശനം എംവി നികേഷ് കുമാറിനെ ലക്ഷ്യമിട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലം മുതലുണ്ട്. കടുത്ത ഇടത് സഹയാത്രികരിൽ നിന്ന് പോലും പലതവണ തുറന്ന പ്രതികരണങ്ങളുണ്ടായി. ഇതിനിടെയാണ് മുതിർന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടന്നെ വാര്‍ത്ത പുറത്തുവരുന്നത്. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് സൈബർ സംഘത്തിൽ നിന്ന് ഒഴിവായെന്നായിരുന്നു വാര്‍ത്ത. എന്നാൽ, വാര്‍ത്തക്ക് പിന്നാലെ വൈകിട്ടോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സോഷ്യൽ മീഡിയ ടീം വിട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ഇഎസ് സുഭാഷ്.
സോഷ്യൽ മീഡിയ ടീം മുൻകയ്യെടുത്ത് നടത്തുന്ന നെഗറ്റീവ് പ്രചരണങ്ങളിലും അത് ഉണ്ടാക്കുന്ന തിരിച്ചടികളിലും മുഖ്യമന്ത്രിയും അതൃപ്തനെന്നാണ് വിവരം. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് മാറി പാർട്ടി സെന്‍ററിലേക്ക് പ്രവർത്തനം മാറ്റിയപ്പോൾ എംവി നികേഷ് കുമാറിന് കിട്ടിയ പരിഗണനകളിൽ പാർട്ടി നേതാക്കൾ പോലും അതൃപ്തരായിരുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് എക്കാലവും നികേഷ്‍കുമാറിനെ പൊതിഞ്ഞു പിടിച്ചതും. നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ സുരക്ഷിത മണ്ഡലത്തിൽ നികേഷ് മത്സരത്തിനുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സൈബർ വിങിലെ പൊട്ടിത്തെറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam