കോഴിക്കോട് മദ്യം കഴിച്ച് തൊഴിലാളി മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ; വിഷമദ്യമെന്ന് സംശയം

By Web TeamFirst Published Jun 28, 2019, 10:43 PM IST
Highlights

കോഴിക്കോട് നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ ആണ് മരിച്ചത്. വിഷമദ്യം കഴിച്ചത് തന്നെയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

കോഴിക്കോട്: കോഴിക്കോട് കോട‌ഞ്ചേരിയിൽ മദ്യം കഴിച്ചയാൾ മരിച്ച നിലയിൽ. നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ ആണ് മരിച്ചത്. ചെമ്പിരി പണിയ കോളനി നിവാസിയായ കൊളമ്പന് അറുപത് വയസായിരുന്നു. കൊളമ്പന്‍റെ ഒപ്പം മദ്യം കഴിച്ച രണ്ട് പേരുടെ നില ഗുരുതരമാണ്. നാരായണൻ, ഗോപാലൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളമ്പന്‍റെ മൃതദേഹവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.

നാരായണനും, ഗോപാലനും, കൊളമ്പനും ചേർന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് വിവരം. മദ്യപിച്ച ശേഷം ഇവർ മൂന്ന് വഴിക്ക് പിരിഞ്ഞു. പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ ആളുകൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാൽ ഇത് പൊലീസോ എക്സൈസോ സ്ഥിരീകരിച്ചിട്ടില്ല. 

ഇത് വിഷമദ്യ ദുരന്തമല്ല എന്ന് എക്സൈസ് ജോയിന്‍റ് കമ്മീഷണർ വി ജെ മാത്യ ഏഷ്യാനെറ്റ് ന്യൂസിനോട് അഭിപ്രായപ്പെട്ടു.  വിഷമദ്യമാണെങ്കിൽ രക്തം ഛർദ്ദിക്കുകയില്ലെന്നും കാഴ്ച മങ്ങി കുഴഞ്ഞ് വീഴുകയാണ് ചെയ്യുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

click me!