
കണ്ണൂർ : ശബരിമല സ്വർണ്ണകൊള്ള കേസ്, രാഹുൽ മാങ്കൂട്ടത്തിൽ കേസ്, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അടക്കം വിഷയങ്ങളിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്വർണ്ണകൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങൾ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസിൽ എം വി ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ എം എൽ എ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിൽ എത്തിക്സ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണകൊള്ള കേസിൽ ഇതുവരെയും ഇടക്കാല കുറ്റപത്രം പോലും സമർപ്പിച്ചില്ലെന്നും ആസൂത്രിതമായാണ് കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രതികൾ പുറത്തിറങ്ങുന്നത് കേസിനെ സ്വാധീനിക്കും. എസ് ഐ ടിക്ക് എന്ത് കൊണ്ട് നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷന് എന്തുകൊണ്ട് അനുമതി ലഭിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു. പ്രോസിക്യൂഷൻ അനുമതി കൊടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
കേസിലെ കെമിക്കൽ അനാലിസിസ് റിപ്പോർട്ട് വൈകുന്നു. എസ് ഐ ടി രൂപികരിച്ചിട്ട് 4 മാസമായി. മോഷ്ടിച്ച സ്വർണ്ണം എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. സാധാരണ കേസുപോലെയാണോ ഈ കേസെന്ന ചോദ്യമുന്നയിച്ച ചെന്നിത്തല , കെമിക്കൽ അനാലിസിസ് റിപ്പോർട്ട് കേസിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് വേഗം കൊടുക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് 5 സിപിഎം നേതാക്കൾ ജയിലിൽ കിടക്കുന്നു. ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ പിടിയിലായോ. 300 ഓളം രക്തസാക്ഷികൾ സി പി എമ്മിനുണ്ട്. ഈ ഫണ്ട് പിരിവിനെ കുറിച്ച് എല്ലാം അന്വേഷണം വേണം. ധാർഷ്ട്യത്തോടെ പാർട്ടി സെക്രട്ടറി മറുപടി പറയുന്നത് ശരിയല്ല. രക്തസാക്ഷികളുടെ കുടുംബം ഈ പാർട്ടിയോട് പൊറുക്കില്ല. വൻതോതിൽ സാമ്പത്തിക സമാഹരണം നടത്തി അത് തട്ടിപ്പ് നടത്തിയതാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ്. എം എൽ എ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത് എത്തിക്സ് കമ്മിറ്റി തീരുമാനം ആണ്. എത്തിക്സ് കമ്മിറ്റി ഇല്ലാത്ത അധികാരം കാണിക്കില്ല. തെറ്റായ കീഴ്വഴക്കം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി പറയുന്നില്ല. കേരളത്തിലെ ജനങ്ങൾ എം വി ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കും . പാർട്ടിക്കാർ മാത്രമല്ല, പൊതുജനങ്ങളുടെ പണവുമുണ്ട്. കേരളത്തിലൊട്ടാകെ സമാന തട്ടിപ്പ് നടന്നിട്ടുണ്ടാകും. രക്തസാക്ഷി ഫണ്ട് തട്ടുന്നതിലും വലിയ ക്രൂരത ഇല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം പിമാർ മത്സരിക്കണോ എന്നതിൽ തീരുമാനം ആയില്ലെന്ന് ചെന്നിത്തല വിശദീകരിച്ചു. കെ സുധാകരൻ മത്സരിക്കണമെന്നത് കണ്ണൂരിലെ ജനങ്ങളുടെ ആഗ്രഹമാണ്. സുധാകരൻ എവിടെ മത്സരിച്ചാലും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. പക്ഷെ ആര് മത്സരിക്കണമെന്ന് നേതൃത്വം തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam