
തിരുവനന്തപുരം: ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. സർക്കാർ നയം എക്സൈസ് മന്ത്രിയായ താൻ പറഞ്ഞു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. അതിന് മുകളിൽ ഒരുദ്യോഗസ്ഥനും ഇല്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും എത്തിയത്.
ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ ചർച്ച തുടരട്ടെയെന്നും ഇന്നല്ലെങ്കിൽ നാളെ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഷിത അത്തല്ലൂരി പറഞ്ഞിരുന്നു. കേരളത്തിൽ ആവശ്യത്തിന് ഷോപ്പുകൾ ഇല്ല. ഷോപ്പുകളിൽ നിന്നും വാങ്ങുന്നവരും വീട്ടിൽ കൊണ്ടുപോയാണ് മദ്യപിക്കുന്നത്. വീട് മദ്യശാലയാകുമെന്ന ആരോപണത്തിൽ കഴമ്പില്ല. പ്രായപൂർത്തിയാകാത്തവർക്ക് ഇപ്പോൾ മദ്യം വാങ്ങി കൊടുക്കുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമവിരുദ്ധമായി മദ്യം വാങ്ങുന്നെങ്കിൽ തടയേണ്ടത് എക്സൈസും പൊലീസുമാണ്. നിയമാനുസൃതമായ ബിസിനസാണ് ബെവ്കോ ചെയ്യുന്നത്. അതിൽ കൂടുതൽ ലാഭമുണ്ടാക്കുകയാണ് ലക്ഷ്യം. വീര്യം കുറഞ്ഞമദ്യത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വരുമാനം കുറയുമെന്ന ധനവകുപ്പിൻ്റെ ആശങ്കക്ക് അടിസ്ഥാനമില്ല. 500കോടി അധികവരുമാനം ഉണ്ടാകും. കേരളത്തിലാണ് മദ്യ വില കൂടുതൽ. 400% നികുതിയാണ്.
നികുതി ഘടനമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ മദ്യം അനുവദിച്ചാൽ മറ്റൊരു 500 കോടി കൂടി അധികവരുമാനം ഉണ്ടാകുമെന്നും ഹർഷിത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കട്ടെ. യുകെയിലാണ് കേരളത്തെക്കാൾ മദ്യ ലഭ്യതയുള്ളത്. പക്ഷേ അവിടത്തെ ക്രൈം റേറ്റ് കുറവാണ്. മദ്യപാനമാണ് ക്രൈമിന്ന് കാരണമെന്ന് പൂർണമായും പറയാനാകില്ലെന്നും ബെവ്കോ എംഡി പറഞ്ഞു.
അതേസമയം, തെരുവുനായ പ്രശ്നത്തിലെ സുപ്രീം കോടതി ഉത്തരവ് എബിസി ചട്ടങ്ങൾ അപ്രസക്തമെന്ന് കോടതിയും ചൂണ്ടിക്കാട്ടിയെന്ന് മന്ത്രി പ്രതികരിച്ചു. പലതവണ താൻ ഇത് പറഞ്ഞപ്പോൾ ഗൗനിച്ചില്ല. പല വാർത്താസമ്മേളനങ്ങളിലും ഇക്കാര്യം പറഞ്ഞു. മാധ്യമങ്ങൾ എബിസി ചട്ടങ്ങൾ വായിക്കണം എന്നാവശ്യപ്പെട്ടു. ഇപ്പോൾ കോടതി തന്നെ പറഞ്ഞിരിക്കുന്നു. കേന്ദ്രം ഇപ്പോൾ കോടതിയിൽ പറഞ്ഞതാണ് കേരളം പലപ്പോഴായി പറഞ്ഞത്. ചില മാധ്യമങ്ങൾക്ക് സർക്കാരിനെ കടിച്ചുകീറാനായിരുന്നു വ്യഗ്രത. ഇനിയെങ്കിലും മാധ്യമങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. അപ്രായോഗിക എബിസി ചട്ടങ്ങൾ മാറ്റാൻ കേന്ദ്രം തയാറാകണം. നായകളെ പിടിച്ച് ഷെൽട്ടർ ഹോമിലാക്കുന്നത് കേരളത്തിൽ പ്രായോഗികമല്ല. ദയാവധം കോടതി തടഞ്ഞതാണ് സുപ്രീകോടതി പറഞ്ഞിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam