സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി

Published : Jan 07, 2021, 11:45 AM ISTUpdated : Jan 07, 2021, 11:54 AM IST
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി

Synopsis

മദ്യവില വർധിപ്പിക്കുന്ന കാര്യം ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുകയാണെന്നും അടിസ്ഥാന വിലയില്‍ 7  ശതമാനം വർധനയാണ് ഇപ്പോൾ നിർദ്ദേശം വന്നിരിക്കുന്നതെന്നും എക്‌സൈസ് മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. അടിസ്ഥാന വിലയില്‍ 7 ശതമാനം വില വര്‍ധനയെന്ന നിര്‍ദേശമാണിപ്പോൾ കിട്ടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും. അസംസ്കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മദ്യവിലയുടെ കാര്യത്തില്‍ ബെവ്കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. 

വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തില്‍ പോയവര്‍ഷം രണ്ട് തവണ ടെണ്ടര്‍ പുതുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കൊവിഡ് കണക്കിലെടുത്ത് നീട്ടിവെയ്ക്കുകയായിരുന്നു. അതിനിടെ കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്‍റെ എക്സൈസ് നികുതി 35 ശതമാനം ഉയര്‍ത്തുകയും ചെയ്തു. 

കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്. നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. ആനുപാതിക നികുതി വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് കുറഞ്ഞത് 100 രൂയുടെ വര്‍ദ്ധന ഉണ്ടാകും. ഇതും ഉപഭാക്താവ് വഹിക്കേണ്ടി വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി, പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കാന്‍ നിര്‍ദേശം
ഓൺലൈൻ തട്ടിപ്പ് പരാതി; കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ; അറസ്റ്റിലായത് കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി