എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്നും ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി എൻ വാസവൻ. സത്യസന്ധനായ ഉദ്യോഗസ്ഥനെ പീഡിപ്പിക്കുകയാണ് സർക്കാർ എന്ന് അദ്ദേഹം ആരോപിച്ചു

കോട്ടയം: എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്നു മാറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവും മുൻ സഹകരണ മന്ത്രിയുമായ വി എൻ വാസവൻ. മുൻ സർക്കാരിന്റെ കാലത്ത് നൽകിയ ചുമതലകളെല്ലാം കൃത്യമായും സത്യസന്ധമായും നിയമവും ചട്ടവും പാലിച്ചുകൊണ്ട് നിർവേറ്റിയ വ്യക്തിയാണ് റാവുവെന്ന് വ്യക്തമാക്കിയ വാസവൻ, സർക്കാരിന്റെ ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ കാരണമെന്ന് ആരോപിച്ചു. ബാർ ലൈസൻസ് വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ചെയ്ത കാര്യങ്ങൾ തന്നെയാണ് മുൻ എൽ ഡി എഫ് സർക്കാരും ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും വാസവൻ ആരോപിച്ചു. നിലവിലെ ഭരണത്തിൽ മറ്റുമന്ത്രിമാർക്ക് യാതൊരു റോളുമില്ലെന്നും മുഖ്യമന്ത്രിയുടെ 'വൺമാൻ ഷോ' ആണ് സർക്കാരിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാർ ലൈസൻസിന് റെഡ് സിഗ്നൽ

അതേസമയം പുതിയ മദ്യനയം വരുന്നത് വരെ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്ന് എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതലയുളള അഡീഷണൽ കമ്മീഷണർ ജയശങ്കർ സർക്കുലർ ഇറക്കി. നയം വരട്ടെയെന്ന് മന്ത്രി പറഞ്ഞിട്ടും ബാർ ലൈസൻസ് അനുവദിച്ചതാണ് സാംബശിവ റാവുവിന്‍റെ കസേര തെറിക്കാൻ കാരണമായത്. പുതിയ ലൈസൻസ് അനുവദിക്കരുതെന്ന് രേഖാമൂലം ഒരു നിർദേശവുമില്ലെന്നായിരുന്നു റാവുവിന്‍റെ വാദം. കമ്മീഷണർ മാറിയതിന് പിന്നാലെയാണ്, താത്കാലിക ചുമതലയുളള ജയശങ്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. അതേസമയം പോകുന്ന പോക്കിൽ സാംബശിവ റാവു നൽകിയ റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ച് നേരിടാനാണ് സർക്കാർ നീക്കം. രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെിരായ ആരോപണം മാത്രമല്ല, റിപ്പോർട്ട് നൽകിയ സാംബശിവ റാവുവിന്‍റെ കാലത്ത് യുദ്ധകാല അടിസ്ഥാനത്തിൽ നൽകിയ ബാർ ലൈസൻസുകളും അന്വേഷിക്കും. മുൻ സ‍ർക്കാരിന്‍റെ കാലത്തെ എക്സൈസ് വകുപ്പിന്‍റെ തീരുമാനങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ പരിധിയിലേക്ക കൊണ്ടുവരാനാണ് നീക്കം. മന്ത്രിയുടേ പേരും വലിച്ചിഴച്ച് സാംബശിവ റാവു റിപ്പോർട്ട് നൽകിയതിൽ ലിജുവിനെക്കൂടാതെ മന്ത്രിസഭയിലെ മിക്ക അംഗങ്ങള്‍ക്കും അതൃപ്തിയുണ്ട്. അതേസമയം സാംബശിവ റാവുവിനെ ന്യായീകരിച്ച പ്രതിപക്ഷം, സർക്കാർ നീക്കം അഴിമതിക്ക് വേണ്ടിയെന്ന ആരോപണം കടുപ്പിക്കുകയാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player