പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം; റീപോസ്റ്റ്‌മോർട്ടം വേണമെന്ന് ആവശ്യം

Published : May 16, 2022, 04:28 PM IST
പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം; റീപോസ്റ്റ്‌മോർട്ടം വേണമെന്ന് ആവശ്യം

Synopsis

ഹാരിസിന്റെ ഭാര്യയ്ക്ക് ഷൈബിനുമായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം ഹാരിസ് അറിഞ്ഞതോടെയാണ് ഷൈബിൻ കൊലപാതകത്തിന് പദ്ധതിയിട്ടത്

കോഴിക്കോട്: പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം. കൊലയ്ക്ക് പിന്നിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്‌റഫാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് മുൻപും ഹാരിസിനെ വധിക്കാൻ ഷൈബിൻ ക്വട്ടേഷൻ നൽകിയിരുന്നുവെന്നും ഹാരിസിന്റെ ഉമ്മ സാറാബി പറഞ്ഞു. ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

രണ്ട് വർഷം മുൻപാണ് കോഴിക്കോട്  മലയമ്മ സ്വദേശി ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം.  നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ കൊല്ലപ്പെട്ട കേസിലെ ചുരുളഴിഞ്ഞതോടെയാണ് ഹാരിസിന്റെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി എത്തിയത്.

ഹാരിസിന്റെ ഭാര്യയ്ക്ക് ഷൈബിനുമായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം ഹാരിസ് അറിഞ്ഞതോടെയാണ് ഷൈബിൻ കൊലപാതകത്തിന് പദ്ധതിയിട്ടത്. ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മിൽ കൊലപാതക ഗൂഡാലോചന നടത്തുന്ന ഫോൺ സംഭാഷണം കേട്ടിട്ടുണ്ടെന്നും ക്വട്ടേഷൻ ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്നും സാറാബി പറഞ്ഞു.

ആത്മഹത്യയെന്ന് തോന്നുന്ന വിധത്തില്‍ രണ്ടുപേരെ  കൊല്ലാൻ തയ്യാറാക്കിയ രൂപരേഖയുടെ ദൃശ്യങ്ങൾ  വൈദ്യന്റെ കൊലപാതകത്തിന്റെ അന്വേഷണത്തിലാണ് പുറത്തുവന്നത്.  മുൻപും  ഹാരിസിനെ കൊല്ലാൻ ഷൈബിൻ ക്വട്ടേഷൻ നൽകിയെന്നും കുടുംബം പരാതിയിൽ പറയുന്നു. മരണ ശേഷവും ഹാരിസുമായി ബന്ധമുള്ളവര്‍ക്ക് നേരെ ക്വട്ടേഷന്‍ ആക്രമണം നടന്നതായി സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഹാരിസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സുഹൃത്തുക്കൾ റൂറൽ എസ്പിക്ക് പരാതി നൽകി. റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

PREV
click me!

Recommended Stories

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം