
കൊച്ചി: എറണാകുളത്ത് 54 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്‍റെ പില്ലർ തകർന്ന സംഭവത്തിൽ, കെട്ടിടത്തിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താൻ വിദഗ്ദ്ധ സമിതി തീരുമാനം. പനമ്പിള്ളി നഗറിലുള്ള ആർഡിഎസ് അവന്യു വൺ എന്ന ഫ്ലാറ്റിന്‍റെ പില്ലറാണ് തകർന്നത്. തകർന്ന പില്ലറുള്ള ടവറിൽ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതി നടത്തിയ പരിശോധനയിൽ, ബലപരിശോധനയും അതിന് ശേഷമുള്ള ബലപ്പെടുത്തലിൻ്റെയും മുഴുവൻ ചെലവും ബിൽഡർമാരായ ആർഡിഎസ് കമ്പനി വഹിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഫ്ലാറ്റ് കെട്ടിടത്തിൽ പില്ലറടക്കമുള്ള ഭാഗത്ത് നേരത്തെ കേടുപാടുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേത്തുടർന്ന് 20 ഓളം കുടുംബങ്ങൾ ഇവിടെ നിന്ന് താമസം മാറിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പില്ലറിൽ വലിയ തകർച്ച കണ്ടത്. പിന്നാലെ കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത് പ്രകാരം മേഖലയിലെ വിദഗ്ധനും സ്ട്രക്‌ചറൽ കൺസട്ടന്‍റുമായ അനിൽ ജോസഫ് ഫ്ലാറ്റിൽ അനൗദ്യോഗിക സന്ദർശനം നടത്തി.
പിന്നീട് ഹൈബി ഈഡൻ എംപിയും സ്ഥലം സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയെ കരുതിയാണ് ആളുകളെ മാറ്റിയതെന്നും ഹൈബി അറിയിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഫ്ലാറ്റിൽ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam