പ്ലസ്‍വണ്‍ സീറ്റുകള്‍ കൂട്ടാനുള്ള തീരുമാനത്തിനെതിരെ വിദഗ്ധര്‍; 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളി

By Web TeamFirst Published Sep 2, 2021, 8:28 AM IST
Highlights

ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പരമാവധി 50 കുട്ടികള്‍ മാത്രമെ പാടുളളൂ എന്നായിരുന്നു പ്രൊഫസർ പിഒജെ ലബ്ബ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്.

കോഴിക്കോട്: പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാനുളള മന്ത്രിസഭ തീരുമാനം നടപ്പാകുന്നതോടെ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം അറുപതായി ഉയരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ഈ രംഗത്തെ വിധഗ്ധർ പറയുന്നു. സീറ്റ് കൂട്ടുകയല്ല ബാച്ച് കൂട്ടുകയാണ് വേണ്ടതെന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ചെയര്‍മാനായ പ്രൊഫസർ പിഒജെ ലബ്ബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്ലസ്‍വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്‍റെ കൈയിലുളള ഒറ്റമൂലിയാണ് സീറ്റ് കൂട്ടല്‍. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. ഇതോടെ വടക്കന്‍ ജില്ലകളില്‍ ഭൂരിഭാഗം സ്കൂളുകളിലും ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 60 ആകും. പഠനം ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും കുട്ടികളുടെ എണ്ണക്കൂടുതല്‍ വലിയ വെല്ലുവിളിയെന്ന് അധ്യാപകരും ഈ രംഗത്തെ വിധഗ്ധരും പറയുന്നു. ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പരമാവധി 50 കുട്ടികള്‍ മാത്രമെ പാടുളളൂ എന്നായിരുന്നു പ്രൊഫസർ പിഒജെ ലബ്ബ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്.

കുട്ടികളുടെ എണ്ണം പെരുകുന്നത് പഠന നിലവാരത്തെ ബാധിക്കും. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞ ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിക്കാനുമാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് വിഭാഗത്തിന് 12 മൈക്രോസ്കോപ്പുകളാണ് ഉള്ളത്. ഒരു മൈക്രോസ്കോപ്പ് ഉപയോഗിക്കുന്നത് അഞ്ച് വിദ്യാർത്ഥികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!